‘ഇനി ആരും മോഷ്ടിക്കുകയുമില്ല, ഇനിയതിന് ആരെയും അനുവദിക്കുകയുമില്ല’: 12 മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിർബന്ധിത വിരമിക്കൽ

single-img
11 June 2019

ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിനു നിർദേശം നൽകി കേന്ദ്ര ധനമന്ത്രാലയം. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കും അന്വേഷണം നേരിടുന്നവർക്കുമാണ് വിരമിക്കാൻ നിർദേശം.

ഉദ്യോഗസ്ഥതലത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് സർക്കുലർ കേന്ദ്രം പുറത്തു വിട്ടു. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56–ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.

ഇനി ആരും മോഷ്ടിക്കുകയുമില്ല ഇനിയതിന് ആരെയും അനുവദിക്കുകയുമില്ല എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണക്കിലെടുത്ത് കൊണ്ടുള്ള നടപടിയാണിതെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. തിങ്കളാഴ്ചയാണ് സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാൾ (ഐആർഎസ്, 1985), എസ്.കെ.ശ്രീവാസ്തവ (ഐആർഎസ്, 1989), ഹോമി രാജ്‌വാഷ് (ഐആർഎസ്, 1985), ബി.ബി.രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് വിരമിക്കൽ നോട്ടിസ്.

ഇവരിൽ ചിലർക്കെതിരേ കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ നേരിടുകയാണ്. ഇതിലൊരാൾ 1994മുതൽ 2014വരെ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനാണെന്നും കേന്ദ്രവൃത്തങ്ങൾ പറയുന്നു. കണക്കിൽപ്പെടാത്ത കോടികളുടെ ആസ്തിയുള്ളവരാണ് ഇവരിൽ ചിലർ.

വിവിധ വകുപ്പുകളിൽ നിർബന്ധിത വിരമിക്കൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാൻ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലൻസ് കമ്മിഷനും വകുപ്പ് തലവന്മാർക്ക് നിർദേശം നൽകിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന.