പിണറായി വിജയന്‍റെ പരനാറി പ്രയോഗത്തെക്കാള്‍ തന്നെ തകര്‍ത്തത് സിപിഎമ്മിന്‍റെ സംഘി വിളി: എന്‍ കെ പ്രേമചന്ദ്രന്‍

single-img
11 June 2019

സിപിഎം തനിക്കെതിരെ നടത്തിയ സംഘി പ്രചാരണം നെഞ്ച് തകര്‍ത്തെന്ന് നിയുക്ത എംപി എന്‍കെ പ്രേമചന്ദ്രന്‍. കൊല്ലം മണ്ഡലത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ പോയി താനൊരു ആര്‍എസ്എസുകാരനാണെന്നും കുടുംബ പശ്ചാത്തലം ആര്‍എസ്എസ് ആണെന്നും സിപിഎം പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താൻ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ചേര്‍ന്ന് മോദി മന്ത്രിസഭയില്‍ ചേരുമെന്ന് സിപിഎമ്മിന്റെ കേന്ദ്രക്കമ്മറ്റി അംഗം തോമസ് ഐസക്കിനെ പോലുള്ളവര്‍ വീടുകള്‍ കയറിയും ആരാധനാലയങ്ങള്‍ കയറിയും പ്രചരിപ്പിച്ചു. സിപിഎമ്മിന്റെ മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തത്. ഇത്തരത്തിലുള്ള പ്രവൃത്തി ഉത്തരവാദപ്പെട്ട ഇടത് രാഷ്ട്രീയ പ്രസ്ഥാനത്തിന് യോജിച്ചതണോയെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.

തനിക്കെതിരെ നടത്തിയ സംഘിപ്രചാരണത്തിനേറ്റ തിരിച്ചടിയാണ് സിപിഎമ്മിന് കൊല്ലത്തുണ്ടായിരിക്കുന്നത്.
കേന്ദ്ര സർക്കാർ പാര്‍ലമെന്റില്‍ മുത്തലാഖ് ബില്ലിനെതിരെ ശക്തമായ പ്രതികരിച്ച ഒരാളാണ് താന്‍. ബിജെപിയിലേക്ക് പോവാനായിരുന്നെങ്കില്‍ മുമ്പെ ആവാമായിരുന്നു. 1999ല്‍ വാജ്‌പേയ് മന്ത്രിസഭ ഒരൊറ്റ വോട്ടിനാണ് പരാജയപ്പെട്ടത്. അന്നും താന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. ഇപ്പോൾ കഴിഞ്ഞ മോദി മന്ത്രിസഭയിലും തനിക്ക് ചേരാമായിരുന്നു. തന്നെപോലെ ഒരാളെ കേരളത്തില്‍ നിന്നും ലഭിച്ചാല്‍ അവര്‍ നിഷേധിക്കുമോ. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തെരുവിലിട്ട് തല്ലിക്കൊല്ലുകയെന്ന പരമ്പരാഗതമായ സി.പിഎമ്മിന്റെ നയമാണ് കൊല്ലത്ത് പരാജയപ്പെട്ടതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗം തന്നെയും തന്റെ കുടുംബത്തെയും പിടിച്ചുലച്ചിരുന്നു. എന്നാല്‍ ഇപ്പോൾ സംഘി പ്രയോഗം തന്നെ മാനസികമായി തളര്‍ത്തി. മണ്ഡലത്തിൽ വലിയ വിജയ പ്രതീക്ഷയുണ്ടായിട്ടും സര്‍ ബിജെപിയില്‍ ചേരുമോയെന്ന ജനങ്ങളുടെ ചോദ്യത്തിനു മുമ്പില്‍ താന്‍ നിരാശനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.