രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 13 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

single-img
11 June 2019

13 വൈമാനികരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ വടക്കന്‍ ലിപോയില്‍ നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യാമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 1520 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഏഴ് ഓഫീസര്‍മാരും ആറു സൈനികരുമടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്. വ്യോമസേനാ വിമാനങ്ങളായ സി 130 ജെ, എഎന്‍ 32, എംഐ ഹെലികോപ്റ്റര്‍, കരസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ അത്യാധുനിക ഇന്‍ഫ്രാറെഡ് സെന്‍സറുകളുള്ള പി 8ഐ എന്നിവ നേരത്തെ തിരച്ചിലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അസമിലെ ജോര്‍ഹത് വ്യോമതാവളത്തില്‍ നിന്ന് അരുണാചലിലെ ഷി യോമി ജില്ലയിലുള്‍പ്പെട്ട മേചുകയിലേക്കു കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നു പുറപ്പെട്ട വിമാനം ഒരു മണിയോടെയാണു കാണാതായത്. ചൈന അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണു മേചുക താവളം.

ദുര്‍ഘട വനമേഖലയില്‍ തിരച്ചിലിനായി കരസേനയെയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനെയും (ഐടിബിപി) നിയോഗിച്ചിരുന്നു. ഷി യോമി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണരും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു. വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും വ്യോമസേന പ്രഖ്യാപിച്ചിരുന്നു.