പുതിയ നീക്കവുമായി മോദി സര്‍ക്കാര്‍: വര്‍ഷത്തില്‍ 10 ലക്ഷം രൂപയിലധികം പിന്‍വലിക്കുന്നവര്‍ക്ക് നികുതി വന്നേക്കും

single-img
10 June 2019

പ്രതിവര്‍ഷം പത്ത് ലക്ഷം രൂപയിലധികം പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കള്ളപ്പണത്തിന്മേല്‍ പിടിമുറുക്കാനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ആരെല്ലാമാണ് പണം പിന്‍വലിച്ചതെന്നും ഇവര്‍ നികുതിവലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിനാണ് ആധാര്‍ ഉപയോഗിക്കുക. സവിശേഷ തിരിച്ചറിയല്‍ നമ്പര്‍, ഒറ്റത്തവണ പാസ്‌വേഡ് എന്നിവ ഉള്‍പ്പെടുന്നതിനാല്‍ ആധാര്‍ ദുരുപയോഗിച്ചു പണം എടുക്കുന്നതു സാധ്യമല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

പൊതുവെ വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും വര്‍ഷത്തില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കേണ്ടി വരില്ലെന്നാണു കേന്ദ്രത്തിന്റെ കാഴ്ചപ്പാട്. ജൂലൈ അഞ്ചിനു എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിനു മുന്നോടിയായാണു നിര്‍ദേശം വച്ചിട്ടുള്ളത്. മധ്യവര്‍ഗത്തെയും പാവപ്പെട്ടവരെയും എത്രത്തോളം ബാധിക്കുമെന്നു നോക്കിയായിരിക്കും അന്തിമതീരുമാനം. ഡിജിറ്റല്‍ ഇടപാടിന് അവസരമുള്ളപ്പോള്‍ പണം നോട്ടായി പിന്‍വലിക്കുന്നത് എന്തിനെന്നാണു സര്‍ക്കാര്‍ ചോദ്യം.

2005ല്‍ യുപിഎ സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയെങ്കിലും 2009ല്‍ പിന്‍വലിച്ചിരുന്നു. എടിഎം ചാര്‍ജുകള്‍ പുനരവവലോകനം ചെയ്യുന്നതിന് സുപ്രീംകോടതി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം ആറിന് NEFT, RTGS ഇടപാടുകള്‍ക്കുള്ള ചാര്‍ജ് റിസര്‍വ് ബാങ്ക് ഒഴിവാക്കിയിരുന്നു.