തങ്ങൾക്ക് ജിപ്‍സികള്‍ തന്നെ വേണമെന്ന് ഇന്ത്യൻ സൈന്യം; നിർത്തിവെച്ച നിർമ്മാണം പുനരാരംഭിച്ച് മാരുതി കമ്പനി

single-img
10 June 2019

ഇന്ത്യന്‍ ആര്‍മിയുടെ കരുത്തനായ സാരഥിയായിരുന്ന മാരുതി കമ്പനിയുടെ ജിപ്‌സികള്‍ സൈന്യത്തോട് വിടപറയുകയാണെന്ന വാര്‍ത്തകള്‍ വന്നത് സമീപ കാലത്താണ്. ജിപ്സിക്ക് പകരം ടാറ്റയുടെ സഫാരി സ്‌റ്റോം വരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ വീണ്ടും ജിപ്‍സികള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മാരുതിക്ക് കരസേനയിൽ നിന്നും ഓർഡർ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജിപ്‍സിയുടെ നിർമാണം കമ്പനി വീണ്ടും പുനരാരംഭിചിരിക്കുകയാണ്.

ഇക്കുറി 3,051 പുത്തൻ ജിപ്‍സികളാണു കരസേന വാങ്ങുന്നതെന്നാണ് സൂചന. ഇന്ത്യയുടെ വടക്കൻ മേഖലകളിലെ പർവത പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളിലെ ഉപയോഗത്തിനു ജിപ്‍സി തന്നെയാണു കൂടുതൽ മികച്ചതെന്ന സൈന്യത്തിന്‍റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ സോഫ്റ്റ് ടോപ് മേൽക്കൂരയുള്ള വാഹനങ്ങള്‍ക്കുള്ള പ്രത്യകതകളും ജിപ്‍സിക്ക് തുണയായി മാറി. 970 സിസി വരെ വരുന്ന എഞ്ചിന്‍ കരുത്തില്‍ 1985ല്‍ നിരത്തിലെത്തിയ ജിപ്‌സി ഇന്ത്യന്‍ ആര്‍മിയുടെ രാജാവ് എന്ന പദവിക്ക് ഉടമയായിരുന്നു ഒരുകാലത്ത്.
ഇന്ത്യന്‍ ആര്‍മിയില്‍ ബറ്റാലിയന്‍ സൈനിക സംഘങ്ങള്‍ക്കും ഓഫീസര്‍ റാങ്കിലുള്ള സൈനികരുമാണ് ജിപ്‌സി ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഏകദേശം 31000ത്തോളം ജിപ്‌സി മോഡലുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി സൈന്യത്തിന്റെ പക്കലുണ്ട്. ഇവയുടെ സ്ഥാനം സഫാരി സ്‌റ്റോം പിടിച്ചെടുക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്‌ട്ര തലത്തില്‍ ഇറക്കിയ മോഡലിനെ അപേക്ഷിച്ച് ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. ആദ്യ ഘട്ടത്തില്‍ 1985ല്‍ 1.0 ലിറ്റര്‍ 970 സിസി പെട്രോള്‍ എന്‍ജിനിലായിരുന്നു ഇന്ത്യയിലെ തുടക്കം. തുടര്‍ന്ന് 1.3 ലിറ്റര്‍ ഉള്‍പ്പെടെ ബിഎസ്-4 എന്‍ജിന്‍ വരെ എത്തി. ഓഫ് റോഡ്‌ ഡ്രൈവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് വാഹനത്തെ ജനപ്രിയമാക്കിയത്. മാരുതി ഇന്ത്യയില്‍ ഇറക്കിയ ജിപ്‌സികളില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത്.