കാലവര്‍ഷം കനക്കുന്നു; അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

single-img
10 June 2019

കാലവർഷം കനത്തതിനെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത. ഷട്ടർ തുറന്നാൽ കരമനയാറ്റില്‍ നീരൊഴുക്ക് കൂടുന്നതിന് സാധ്യതയുള്ളതിനാല്‍ നദിയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പില്‍ വിശദമാക്കി. ഇന്ന് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു.

താരതമ്യേന കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറവായിരുന്ന വടക്കന്‍ ജില്ലകളിലും ഇന്ന് വ്യാപകമായി മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവയൊഴികെ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മാത്രം മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. രാവിലെ തിരുവനന്തപുരം പേട്ടയിൽ കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. ഉച്ചയ്ക്ക് ശേഷം എറണാകുളം കലക്ടറേറ്റ് വളപ്പിലെ മരം മറിഞ്ഞുവീണ് ഒരു യാത്രക്കാരനും മരിച്ചിരുന്നു. അറബികടലിലെ ന്യൂനമര്‍ദ്ദം നാളെ.ചുഴലിക്കാറ്റായി മാറുമെന്നാണ് വിലയിരുത്തല്‍.