സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം അദാനിക്ക് ഏറ്റെടുക്കാനാവില്ല; അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി

single-img
9 June 2019

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി അദാനിക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറുന്നത് അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനതാവളം സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ആര്‍ക്കും ഏറ്റെടുക്കാനാവില്ല. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള അവസാന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കാനിരിക്കെയാണ് സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

തിരുവനന്തപുരം വിമാനതാവളം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്‍റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇവയുടെ അടുത്ത അന്‍പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്തായതിനാല്‍ അവസാന തീരുമാനം എടുത്തിരുന്നില്ല . എന്നാല്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് അംഗീകാരം നേടാനുള്ള നീക്കം സജീവമായത്. കേരളത്തിന്റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനിക്കാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്ക് തിരുവനന്തപുര വിമാനത്താവള കൈമാറ്റം മാറുകയാണ്.

അതേസമയം അന്താരാഷ്ട്ര വിമാനയാത്രാ നിരക്കുകള്‍ കുതിച്ചുയരുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോലയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടു.