തിരുവല്ലയില്‍ ജാമ്യമെടുക്കാൻ കോടതിയിലെത്തിയത് മദ്യപിച്ച്; പ്രതിക്ക് ജാമ്യം കിട്ടി,ജാമ്യക്കാരൻ അകത്തായി

single-img
8 June 2019

തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. മദ്യലഹരിയിൽ കോടതിയിലെത്തിയ ചെങ്ങന്നൂർ മുളക്കുഴ പടിഞ്ഞാറെ ചെരിവ് പുപ്പംകരമോടിയിൽ ബിജു ചെല്ലപ്പൻ (44) ആണ് റിമാൻഡിലായത്. ബിജുവിന്റെ സുഹൃത്ത് ശ്രീകാന്തിനൊപ്പമാണ് ഇയാൾ കോടതിയിലെത്തിയത്.

ചെക്ക് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം നിൽക്കാനാണ് ഇരുവരും എത്തിയത്. ഇരുവരുടെയും ഉറപ്പ് സ്വീകരിച്ച് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. തുടർനടപടികൾക്കിടെ ബിജു മദ്യലഹരിയിലാണെന്ന് കോടതിക്ക് സംശയമായതോടെ പോലീസിനെ വരുത്തി മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചെന്ന് ബോധ്യമായതോടെ സ്വയം കേസെടുത്ത് മജിസ്ട്രേറ്റ് കെ.എസ്.ബവീന നാഥ് ബിജുവിനെ റിമാൻഡ് ചെയ്യുകയായിരുന്നു.