യാത്രക്കാര്‍ക്ക് മസാജ് സർവ്വീസുമായി ഇന്ത്യന്‍ റെയില്‍വേ; സേവനം അടുത്ത 20 ദിവസത്തിനുള്ളിൽ ആരംഭിക്കും

single-img
8 June 2019

വരുമാന വര്‍ദ്ധനവിന്റെ ഭാഗമായി പുതിയ ആശങ്ങള്‍ നടപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ തുടക്കമായി യാത്രക്കാര്‍ക്ക് ഇനിമുതല്‍ ട്രെയിനുകളിൽ ഇനി മസാജ് സർവ്വീസും ലഭിക്കും. യാത്രചെയ്യുന്ന സമയം \ ആവശ്യമുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയിൽവെ വ്യക്തമാക്കിയിരിക്കുന്നത്.

ഇൻഡോറിൽ നിന്ന് സര്‍വീസ് ആരംഭിക്കുന്ന രാജ്യത്തെ 39 ട്രെയിനുകളിലാണ് ഈ സൗകര്യം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡെറാഡൂൺ – ഇൻഡോർ എക്സ്‌പ്രസ് (14317), ന്യൂ ഡല്‍ഹി -ഇൻഡോർ ഇന്റർസിറ്റി എക്സ്‌പ്രസ് (12416), ഇൻഡോർ – അമൃത്സർ എക്സ്‌പ്രസ് (19325) എന്നീ ട്രെയിനുകളിലുൾപ്പടെ ഈ സേവനം യാത്രക്കാര്‍ക്ക് ലഭ്യമാകും.

ഗോൾഡ് വിഭാഗം, ഡയമണ്ട് വിഭാഗം, പ്ലാറ്റിനം വിഭാഗം എന്നിങ്ങിനെ 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകൾ. പശ്ചിമ റെയിൽവെയുടെ കീഴില്‍ വരുന്ന വെത്‌ലാം ഡിവിഷനാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. വരുന്ന 20 ദിവസത്തിനുള്ളിൽ ആരംഭിക്കുന്ന സേവനം രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ കോച്ചുകളിൽലഭ്യമാകും.

ഇതിനായി മാത്രം മൂന്ന് മുതൽ അഞ്ച് വരെ മസാജ് പ്രൊവൈഡർമാർ ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യും. ഇവർക്കായി റെയിൽവെ തിരിച്ചറിയൽ കാർഡും നൽകും. ടിക്കറ്റിലൂടെയുള്ള വരുമാനത്തിന് പുറമേ കൂടുതല്‍ വരുമാന വർദ്ധനവിനായി സോണുകളോടും റെയിൽവെ ഡിവിഷനുകളോടും പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ റെയിൽവെ ആവശ്യപ്പെട്ടിരുന്നു.