ഗുരുവായൂരിൽ പ്രാര്‍ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയെന്ന് മോദി

single-img
8 June 2019

രണ്ടാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ നരേന്ദ്ര മോദി ഗുരൂവായൂർ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.  ക്ഷേത്രദർശനത്തിനു ശേഷം മോദി ശ്രീവത്സം ഗെസ്റ്റ് ഹൗസിലേക്ക് മടങ്ങി. ഗൂരൂവായൂർ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമെന്ന് പ്രധാനമന്ത്രി ക്ഷേത്രദർശനത്തിനു ശേഷം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ പ്രാർഥിച്ചു എന്ന് മലയാളത്തിലാണ് ട്വീറ്റ്.

രാവിലെ 10.25-ഓടെയാണ് പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം ആരംഭിച്ചത്. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കിഴക്കേഗോപുരകവാടത്തിൽ കീഴ്ശാന്തിമാർ പൂർണകുംഭം നൽകി എതിരേറ്റു.

അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച അദ്ദേഹം ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കൾകൊണ്ട് തുലാഭാരം വഴിപാടും നടത്തി. കണ്ണനെ തൊഴുത് സോപാനപ്പടിയിൽ കാണിക്ക സമർപ്പിച്ചു. കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമർപ്പിച്ചു.

ഇത് രണ്ടാംതവണയാണ് നരേന്ദ്രമോദി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. നേരത്തെ 2008-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരിലെത്തിയിരുന്നു.