കാന്‍സറില്ലാത്ത യുവതിയ്ക്കു കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു

single-img
8 June 2019

കാന്‍സറില്ലാതെ യുവതിയ്ക്ക് കീമോതെറാപ്പി നടത്തിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് ലാബുകള്‍ക്കും എതിരെ പൊലീസ് കേസെടുത്തു. ഡോ. രഞ്ജിന്‍, ഡോ. സുരേഷ്‌കുമാര്‍, ലാബുകളായ സി.എം.സി, ഡയനോവ എന്നിവയ്‌ക്കെതിരെയാണ് കേസെടുത്തത്.

ആലപ്പുഴ കുടശനാട് സ്വദേശി രജനിയുടെ പരാതിപ്രകാരമാണ് കേസ്. ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതിക്ക് കീമോ തെറാപ്പി നല്‍കിയത്.

ഫെബ്രുവരിയിലാണ് മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളേജിലെത്തിയത്. സര്‍ജറി വിഭാഗം ബയോപ്‌സിക്കു നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജിലെ ഫലം വൈകുമെന്നതിനാല്‍ സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അങ്ങനെ മെഡിക്കല്‍ കോളേജിനു സമീപമുള്ള ഡയനോവ ലാബില്‍നിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടങ്ങിയത്.

ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണ് മെഡിക്കല്‍ കോളെജ് പത്തോളജി ലാബില്‍നിന്നുള്ള ഫലം ലഭിച്ചത്. മുഴ കാന്‍സര്‍ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ഏപ്രിലില്‍ തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ പോയി പരിശോധിച്ചു. കാന്‍സര്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.