ഇന്ത്യയിൽ ശുദ്ധവായുവോ വെള്ളമോ വൃത്തിയോ ഇല്ല: ആഞ്ഞടിച്ച് ട്രംപ്

single-img
7 June 2019

കാലാവസ്ഥാ വ്യതിയാനവിഷയത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കുമെതിരേ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലും റഷ്യയിലും ചൈനയിലും ശുദ്ധവായുവോ വെള്ളമോ ഇല്ലെന്നും ഈ രാജ്യങ്ങൾ പരിസ്ഥിതിയോടുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ലെന്നും ബ്രിട്ടീഷ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

ചൈനയിലും ഇന്ത്യയിലും റഷ്യയിലും പിന്നെ മറ്റ് കുറെ രാജ്യങ്ങളിലും നല്ല വായുവോ വെള്ളമോ ഇല്ല. മലിനീകരണത്തെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ അവർക്ക് ബോധവുമില്ല. ചില നഗരങ്ങളിൽ ശ്വസിക്കാൻപോലുമാകില്ല. ഞാൻ ആ നഗരങ്ങളുടെ പേര് പറയുന്നില്ല. പക്ഷേ, എനിക്കതറിയാം. അവർ ഉത്തരവാദിത്വം നിറവേറ്റുന്നില്ല -പാരീസ് ഉടമ്പടിയിൽ നിന്നുള്ള യു.എസിന്റെ പിന്മാറ്റം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

പാരീസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നു ട്രംപ് തുറന്നടിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചായിരുന്നു യുഎസ് 2017-ല്‍ ഉടമ്പടിയില്‍ നിന്നു പിന്മാറിയത്.

എലിസബത്ത് രാജ്ഞിയടക്കം പതിനഞ്ച് ലോക നേതാക്കൾ പങ്കെടുത്ത ഡി-ഡെ ലാൻഡിംങ്ങിന്റെ 75-ാം വാർഷികത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിൽ എത്തിയതായിരുന്നു ട്രംപ്. മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം ട്രംപ് മടങ്ങി. നാസി ജർമനിയുടെ പക്കൽനിന്നും ഫ്രാൻസ് ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ യൂറോപ്പിനെ മോചിപ്പിക്കാൻ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ സഖ്യരാഷ്ട്രങ്ങൾ സംയുക്തമായി 1944 ജൂൺ ഒന്നിന് ആരംഭിച്ച ബഹുമുഖ ആക്രമണമാണ് ഡി-ഡെ ലാൻഡിംങ് എന്ന പേരിൽ അറിയപ്പെടുന്നത്.