ബാലാകോട്ട് ആക്രമണത്തിന് ഉപയോഗിച്ച ബോംബുകള്‍ ഇന്ത്യ വാങ്ങുന്നു; ഇസ്രായേലുമായി 300 കോടിയുടെ കരാര്‍

single-img
7 June 2019

ബാലാകോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പേസ് 2000 ബോംബുകള്‍ ഇന്ത്യ വാങ്ങുന്നു. 300 കോടി ചെലവിട്ട് ഇസ്രായേലില്‍ നിന്ന് ബോംബുകള്‍ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. ഇതിന്റെ കരാര്‍ ഒപ്പിടാനുള്ള നടപടികളുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ട് പോവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രായേല്‍ പ്രതിരോധ സ്ഥാപനമായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന സ്ഥാപനവുമായാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ പ്രതിരോധ കരാറാണിത്. അടിയന്തിര പ്രാധാന്യത്തോടെ ആയുധം വാങ്ങാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതി. ഈ വര്‍ഷം അവസാനത്തോടെ ബോംബുകള്‍ ഇസ്രായേല്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് വിവരം.

ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് സ്‌പൈസ് 2000 ബോംബുകളാണ്.
900 കിലോയോളം ഭാരംവരുന്ന ഈ ബോംബുകളുടെ സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച ചട്ടയ്ക്കുള്ളില്‍ 80 കിലോയോളം സ്‌ഫോടക വസ്തുവാണുള്ളത്.

ഫെബ്രുവരി 14 ന് പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സി.ആര്‍.പി.എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ഭീകരാക്രണം നടന്നത്. തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ 49 സി.ആര്‍.പി.എഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്.