മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ പുറത്തുവിടും

single-img
7 June 2019

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന മാമാങ്കം ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. നിളയുടെ മണൽത്തരികളിൽ ചോരചിന്തിയ ധീര ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഉണ്ണിമുകുന്ദൻ, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം.

അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്.

മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്യം ലോഗൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാർ മാന്വലിൽ ഉൾപ്പെടെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്.

മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം.

മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. ആരാധകർക്ക് സന്തോഷിക്കാൻ ഒരു വാർത്ത കൂടി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ പുറത്തുവിടും.

നിർമ്മാണം. : വേണു കുന്നപ്പിള്ളി ,സംവിധാനം : എം. പത്മകുമാർ, ഛായാഗ്രഹണം : മനോജ് പിള്ള, സംഗീതം: എം. ജയചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ: ശ്യാം കൗശൽ, വി.എഫ്. എക്സ് : എം. കമല കണ്ണൻ, കോസ്റ്റ്വും: എസ്. ബി. സതീശൻ, മേക്കപ്പ്‌: എൻ. ജി. റോഷൻ, ബി.ജി. എം. : സഞ്ജീത് ബൽഹാര, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്‌സൻ പൊടുത്താസ്.

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് പ്രധാന താരങ്ങൾ.