കീഴ്ജീവനക്കാരെ പാദസേവകരായി കാണരുത്; നാവിക സേനയിലെ വിഐപി സംസ്കാരം അവസാനിപ്പിക്കാൻ പുതിയ മേധാവിയുടെ 26 നി‍ദ്ദേശങ്ങളടങ്ങിയ ഉത്തരവ്

single-img
5 June 2019

ഇന്ത്യൻ നാവികസേനയുടെ തലവനായി ചുമതലയേറ്റ ഉടൻ അഡ്മിറൽ കരംബി‍ര്‍ സിങ് പുറപ്പെടുവിച്ച 26 നി‍ദ്ദേശങ്ങളടങ്ങിയ ഉത്തരവിൽ സേനയിലെ വിഐപി സംസ്കാരം അവസാനിപ്പിക്കണമെന്ന് ആവശ്യം. സേനയിലുള്ള കീഴ്ജീവനക്കാരെ പാദസേവകരായി ഉയര്‍ന്ന ജീവനക്കാര്‍ കാണരുതെന്നും അവരെ ബഹുമാനിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Support Evartha to Save Independent journalism

അതേപോലെ സേനയിൽ മതപരമായ ആഘോഷങ്ങൾക്കും പുതിയ തലവൻ നിയന്ത്രണമേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.നാവിക സേനയിൽ ഉയര്‍ന്ന മേന്മ കൈവരിക്കാനുള്ളതാണ് 26 ഇന നി‍ര്‍ദ്ദേശങ്ങൾ. ഇപ്പോഴുള്ള,റാങ്കിങ് അനുസരിച്ച് ഭക്ഷണത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന പാത്രങ്ങളും മാറുന്ന, സൈന്യത്തിലെ വിഐപി സംസ്കാരം ഇനി വേണ്ടെന്ന് കരംബീര്‍ സിങ് ഉത്തരവിട്ടു.

സൈനികർ ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും പാത്രങ്ങളും സ്പൂണുകളും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേപോലെ എല്ലാവര്‍ക്കും ഒരേ ഭക്ഷണവും പാനീയങ്ങളും മതിയെന്നും ഉച്ചനീചത്വങ്ങൾ വേണ്ടെന്നും അദ്ദേഹത്തിന്റെ ഉത്തരവിലുണ്ട്.

നാവികസേനയുടെ കേന്ദ്രങ്ങളിൽ ഉയര്‍ന്ന ഓഫീസര്‍മാര്‍ എത്തുമ്പോൾ അനാവശ്യമായി ആഡംബരം കാണിക്കുന്നത് അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്. നാവികസേനാ മേധാവി സ്ഥാനത്ത് നിന്ന് അഡ്മിറൽ സുനിൽ ലാംബ വിരമിച്ചതിന് പിന്നാലെയാണ് മെയ് 31 ന് കരംബീ‍ര്‍ സിങ് സ്ഥാനമേറ്റെടുത്തത്. നാവികസേനയിൽ നാല് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുണ്ട് ഇദ്ദേഹത്തിന്. വിശാഖപട്ടണത്തിലെ കിഴക്കന്‍ നാവികസേന ആസ്ഥാനത്ത് ഫ്‌ലാഗ് ഓഫീസര്‍ ഇന്‍ ചീഫായിരുന്നു മുൻപ് ഇദ്ദേഹം.