ശ്രീലങ്കയിലെ മുസ്‌ലിം മന്ത്രിമാരും ഡെപ്യൂട്ടിമാരും പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍മാരും കൂട്ടത്തോടെ രാജിവച്ചു

single-img
4 June 2019

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലുണ്ടായ ആക്രമണത്തിനു ശേഷം മുസ്‌ലിങ്ങളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഒമ്പത് മുസ്‌ലിം മന്ത്രിമാരും ഡെപ്യൂട്ടിമാരും പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍മാരും രാജിവച്ചു. ഈസ്റ്റര്‍ ദിന ആക്രമണത്തില്‍ മുസ്‌ലിം മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന വാദവുമായി ഒരു കൂട്ടം ബുദ്ധിസ്റ്റ് സന്യാസികള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് മന്ത്രിമാരുടെ രാജി.

ഇതോടെ സ്‌ഫോടനത്തിനു പിന്നാലെ മുസ്‌ലിങ്ങള്‍ക്കെതിരേ വിദ്വേഷം വര്‍ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധസന്യാസി അതുരാലിയ രത്‌ന ഒരാഴ്ചയായി തുടര്‍ന്നുവന്ന ഉപവാസം അവസാനിപ്പിച്ചു. അതേസമയം രാജ്യത്തെ ഭരണ കക്ഷികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ശ്രീലങ്കന്‍ മുസ്‌ലിം കോണ്‍ഗ്രസ് അറിയിച്ചു.

മന്ത്രിമാര്‍ക്കെതിരായ ആരോപണം തെളിയിക്കാന്‍ ഒരു മാസം സമയം നല്‍കുന്നു. അതുവരെ മാറി നില്‍ക്കുകയാണെന്നു മന്ത്രിമാര്‍ വ്യക്തമാക്കി. മന്ത്രിമാര്‍ തുടരണമെന്നും ഭീഷണികള്‍ക്ക് വഴങ്ങരുതെന്നും ആവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്തുവന്നിരുന്നു. ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങിയുള്ള മുസ്‌ലിം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും രാജി അമ്പരപ്പിക്കുന്നതാണെന്ന് അന്താരാഷ്ട്ര ക്രൈസിസ് ഗ്രൂപ്പ് പ്രൊജക്ട് ഡയറക്ടര്‍ അലന്‍ കീനാന്‍ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 250ലെറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ശ്രീലങ്കയിലാകമാനം വ്യാപക അക്രമം അരങ്ങേറിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ്, വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ആള്‍കൂട്ടം നൂറുകണക്കിന് മുസ്‌ലിങ്ങളുടെ സ്വത്തുവകകള്‍ നശിപ്പിക്കുകയും അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.