റോബർട്ട് വദ്രയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി എൻഫോഴ്സ്മെന്റ് വിഭാഗം

single-img
4 June 2019

ദില്ലി: റോബർട്ട് വദ്രയ്ക്ക് എതിരായ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് വരികയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നീക്കി. എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ഡപ്യൂട്ടി ഡയറക്ടറായ രാജീവ് ശർമ്മയെയാണ് മാറ്റിയത്. പകരം ഇന്ത്യൻ റവന്യു സർവ്വീസിലെ മഹേഷ് ഗുപ്തയെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തി.

Support Evartha to Save Independent journalism

എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ഡപ്യൂട്ടി ഡയറക്ടറായി ചേർന്ന രാജീവ് ശർമ്മയ്ക്ക് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇദ്ദേഹം ഒന്നര മാസമായി അവധിയിലായതിനാലാണ് കേസ് അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് മാറ്റുന്നതെന്നാണ് വിവരം.

സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ രാജീവ് ശർമ്മ തന്റെ മാതൃ കേഡറിലേക്ക് തിരികെ പോകണം. വദ്ര കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൂടിയാണ് മഹേഷ് ഗുപ്തയ്ക്ക് ചുമതല നൽകിയത്. ആസ്തി വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ വദ്ര നികുതി വെട്ടിച്ചെന്നും വിദേശത്ത് അനധികൃതമായി സ്വത്ത് വകകൾ സമ്പാദിച്ചെന്നുമാണ് വദ്രയ്ക്ക് എതിരായ കേസ്.