നിതീഷ് കുമാർ ബിജെപി സഖ്യം ഉപേക്ഷിച്ച് തിരിച്ചുവന്നാൽ സ്വാഗതം ചെയ്യും: റാബ്റി ദേവി

single-img
4 June 2019

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാർ മഹാസഖ്യമുപേക്ഷിച്ച് തിരികെ വന്നാൽ സ്വാഗതം ചെയ്യുമെന്ന് ആർജെഡി നേതാവ് റാബ്റി ദേവി.  നിതീഷ് കുമാര്‍  മഹാസഖ്യത്തിന്‍റെ ഭാഗമാകുന്നതില്‍ എതിര്‍പ്പില്ലെന്ന് റാബ്റി ദേവി വ്യക്തമാക്കി.

എന്നാൽ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വീകരിക്കണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കളാണെന്നും റാബ്റി ദേവി പറഞ്ഞു.

നിതീഷ് കുമാറിനെ സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ രഘുവനാഷ് പ്രസാദ് സിംഗും ആവശ്യപ്പെട്ടു. ബിജെപിക്ക് എതിരെ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ആകെയുള്ള 40-ൽ 39 സീറ്റുകളിലും ബിജെപി-ജെഡിയു സഖ്യമാണ് വിജയിച്ചത്.

എന്നാല്‍ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ കാലത്ത് ജെഡിയു 3 മന്ത്രിസ്ഥാനം കേന്ദ്രമന്ത്രി സഭയില്‍ ആവശ്യപ്പെട്ടെങ്കിലും ഒന്ന് തരാം എന്നാണ് ബിജെപി സമ്മതിച്ചത്. ഇതേത്തുടർന്ന് എന്‍ഡി എ സര്‍ക്കാരിന്റെ ഭാഗമാവാതെ നില്‍ക്കുകയാണ് നിതീഷ്‌കുമാര്‍. ഇതിനു പകരമായി ബിഹാര്‍ കാബിനറ്റില്‍ ജെഡിയു അംഗങ്ങള്‍ക്ക് കൂടുതല്‍ കാബിനറ്റ് പദവി നല്‍കി ബിജെപി അംഗങ്ങളെ പൂർണ്ണമായും ഒഴിവാക്കുന്ന നീക്കവും നിതീഷ്‌കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതിന്റെ ഭാഗമായാണ് റാബ്രിദേവി പുതിയ പ്രസ്താവന ഇറക്കിയത്.

Content: Rabri Devi welcomes Nitish Kumar