നിപ: കൊല്ലത്ത് മൂന്ന് പേര്‍ നിരീക്ഷണത്തില്‍; 86 പേരോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം; കേരളത്തിന് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

single-img
4 June 2019

കൊല്ലം: നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മൂന്ന് പേര്‍ കൊല്ലത്ത് നിരീക്ഷണത്തില്‍. മൂന്ന് പേരെയും വീടുകളില്‍ വെച്ചാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍ കരുനാഗപ്പള്ളി തഴവ സ്വദേശിയുമാണ്. നിപയുടെ പശ്ചാത്തലത്തില്‍ കൊല്ലം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.

അതിനിടെ, ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ യുവാവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവില്‍ 86 പേരുടെ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കി. ഇവര്‍ എല്ലാവരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

ഇവരോടെല്ലാം വീട് വിട്ട് പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹോം ക്വാറന്റൈന്‍ എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന്റ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ വേണ്ടി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അതിനാല്‍ കുറഞ്ഞത് പതിനാല് ദിവസമെങ്കിലും പൊതുജനസമ്പര്‍ക്കം ഒഴിവാക്കി ഒറ്റയ്ക്ക് ജാഗ്രതയോടെ ഇരിക്കണം എന്നാണ് ഇവരോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ടാക്ട് ലിസ്റ്റിലെ ഈ 86 പേരില്‍ ഉള്‍പ്പെട്ട നാല് പേരിലാണ് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

ഇതില്‍ ഒരാളെ മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിപ വൈറസ് സ്ഥിരീകരിച്ച യുവാവിന്റെ സുഹൃത്തുകളിലും ഇയാളെ ആദ്യം പരിചരിച്ച രണ്ട് നഴ്‌സുമാരിലുമാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.

അതേസമയം, കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. എയിംസില്‍ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.

നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തില്‍ കേരളത്തിലെത്തിക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. നമ്പര്‍ : 01123978046. ഇത് വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്.

ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനും കേരള സര്‍ക്കാരിനും ഉള്ളത്. കേരളം ആവശ്യപ്പെടുന്ന എന്ത് സഹായവും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി കേന്ദ്ര ആരോഗ്യമന്ത്രി ആശയ വിനിമയം നടത്തുന്നുണ്ട്. കേന്ദ്രത്തിലെ ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ചു സ്ഥിതി വിലയിരുത്തുന്നുണ്ട്.