ബാലഭാസ്‌കറിന്റെ മരണം: ഭാര്യ ലക്ഷ്മിയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

single-img
4 June 2019

ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ദുരൂഹത നീക്കാന്‍ ഏതന്വേഷണവും നടക്കട്ടെയെന്ന് ലക്ഷ്മി വ്യക്തമാക്കി.

‘അത്യാവശ്യം ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. സ്വര്‍ണ്ണകടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ സ്റ്റാഫായിരുന്നില്ല. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നല്‍കിയിരുന്നു. ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.

കേസില്‍ സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സെപ്റ്റംബര്‍ 25നു തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ യാത്രയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ ആ വഴിയിലൂടെ അന്ന് അവര്‍ സഞ്ചരിച്ച അതേ സമയത്തു ക്രൈംബ്രാഞ്ച് സംഘവും കാറില്‍ സഞ്ചരിച്ചു സ്ഥിതി വിലയിരുത്തും.

അപകടം നടന്ന സ്ഥലത്തു വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ സീറ്റിലെ ചോരപ്പാടുകള്‍ അപകട ശേഷം ഒരാള്‍ തുടച്ചു മാറ്റിയതു കണ്ടെന്ന ദൃക്‌സാക്ഷി മൊഴിയും പരിശോധിക്കും.

ഡിവൈഎസ്പി പി.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണിയുടെയും ആരോപണങ്ങള്‍ ഉന്നയിച്ച ബന്ധു പ്രിയ അടക്കമുള്ളവരുടെയും മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.

അതേസമയം, നിലവിലെ വിവാദങ്ങളോട് പ്രതികരിച്ച് ലക്ഷ്മി ബാലഭാസ്‌ക്കര്‍ രംഗത്തെത്തി. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറി വരുന്നതേ ഉള്ളൂ ലക്ഷ്മി. പരസഹായം കൂടാതെ നടക്കാനോ കൈകള്‍ ചലിപ്പിക്കാനോ ആവില്ല. ലക്ഷ്മിയുടെ കാര്യങ്ങള്‍ നോക്കുന്നത് അമ്മയാണ്.

ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ മരിച്ചിട്ട് ബാലുജീവിച്ചാല്‍ മതിയെന്നായിരുന്നു ഇപ്പോഴത്തെ ചിന്തമുഴുവന്‍, എങ്കില്‍, ഇത്തരം ആരോപണങ്ങളൊന്നും ഉയരില്ലായിരുന്നു. അമ്മയാണ് എന്നെ കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതുമെല്ലാം. ഒന്ന് സ്വയം എഴുന്നേറ്റ് നില്‍ക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ലക്ഷ്മി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തൃശൂര്‍ വടക്കും നാഥക്ഷേത്രത്തില്‍ പോയതായിരുന്നു ഞങ്ങള്‍. ബാലു വേറെ പരിപാടികള്‍ കമ്മിറ്റ് ചെയ്തിരുന്നതിനാല്‍ ഉടന്‍ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ബാലു പറഞ്ഞു അര്‍ജുന്‍ കാറോടിച്ചു കൊള്ളുമെന്ന്. ബാലുവിന് ഉറങ്ങണമെന്നും. ബാലു പിന്‍സീറ്റില്‍ കിടന്നുറങ്ങി. ഞാനും മോളും മുന്നിലും ഇരുന്നു. ഓരോ വളവു തിരിക്കുമ്പോഴും മോള്‍ ഉണരുന്നതിനാല്‍ എന്റെ ശ്രദ്ധ മുഴുവന്‍ അവളിലായിരുന്നു. അതുകൊണ്ട് എനിക്ക് ഉറക്കം വന്നില്ല. ബാലു സീറ്റ് ബെല്‍റ്റിട്ടിരുന്നില്ല.

വണ്ടി ഓടിച്ചിരുന്ന അര്‍ജുനും അരയ്ക്ക് താഴെ പരുക്കുണ്ട്. എയര്‍ബാഗ് അര്‍ജുന്റെ ശരീരത്തെ ഭാഗികമായി രക്ഷിച്ചു. എന്റെ തല വണ്ടിയുടെ ഡാഷ്‌ബോഡില്‍ ഇടിച്ചു. കഴുത്തില്‍ സീറ്റ് ബെല്‍റ്റ് കുരുങ്ങി. വണ്ടിയുടെ ചിലഭാഗങ്ങള്‍ എന്റെ വയറില്‍ തറച്ചു. ആന്തരീകാവയവങ്ങള്‍ക്ക് പരുക്കേറ്റ് രണ്ടാഴ്ച ഞാന്‍ അബോധാവസ്ഥയിലായിരുന്നു.

അപകടം സംഭവിച്ച ദിവസം വാഹനം ഓടിച്ചിരുന്നത് ബാലുവായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോകുകയാണെന്നും എങ്കില്‍ അദ്ദേഹം പരുക്കുകളോടെയെങ്കിലും തനിക്കൊപ്പം ഉണ്ടായേനെ എന്നും ബാലുവിന് പകരം അപകടത്തില്‍ താനായിരുന്നു മരിച്ചതെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഉയരില്ലായിരുന്നു എന്നും ലക്ഷ്മി പറയുന്നു.

ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് ബാലുവിന് ബോധമുണ്ടായിരുന്നുവെന്നും സംസാരിക്കാന്‍ കഴിയില്ലായിരുന്നുമെന്നുമാണ്. ഐസിയുവുലായിരുന്ന എന്നെ അദ്ദേഹത്തെ ചില്ലിനിടയില്‍ക്കൂടി കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം ആദ്യം അന്വേഷിച്ചത് എന്നെയായിരുന്നുവെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

ഒരു പനിവന്നാല്‍ പോലും ബാലുവിന് ടെന്‍ഷനാണ് വയലിന്‍ വായിക്കാന്‍ പറ്റുമോ എന്ന്. അദ്ദേഹം മോളുമായി ശരിക്കും അറ്റാച്ച്ഡ് ആയിരുന്നു. എന്നേയും മോളേയും കൂട്ടി പുറത്തുപോകാനൊക്കെ ബാലുവിന് ഒരുപാടിഷ്ടമായിരുന്നു. സിസേറിയന്‍ സമയത്ത് പോലും എനിക്ക് അടുത്ത് നിന്ന് പാടിത്തന്ന ആളാണ് ബാലു.

അദ്ദേഹം ഒരിക്കലും ജീവിതത്തില്‍ സ്വാര്‍ഥത കാണിച്ചിട്ടില്ല. അദ്ദേഹത്തിനുണ്ടായിരുന്ന ഒരേഒരു കുഴപ്പം മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചിരുന്നു എന്നുള്ളതാണ്. ആ വിശ്വാസം തെറ്റാണെന്ന് തെളിയുമ്പോഴേക്കും ഒരുപാട് കാലമായിട്ടുണ്ടാകും.

പ്രകാശ്തമ്പി ബാലുവിന്റെ മാനേജരായിരുന്നില്ല. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരില്‍ ഒരാള്‍ മാത്രമയിരുന്നു. അയാളുടെ ക്രിമിനില്‍ പശ്ചാത്തലം ഞങ്ങള്‍ക്കറിയില്ലായിരുന്നു. അപകടസമയത്തും ബില്ലുകളൊക്കെ കൈകാര്യം ചെയ്തത് പ്രകാശ് ആയിരുന്നു. ഏകദേശം മൂന്നാഴ്ച മുമ്പ് വരെയും അയാള്‍ വീട്ടില്‍ വരികയും മരുന്നുകള്‍ വാങ്ങിത്തരികയും എന്റെ മാതാപിതാക്കവോട് സംസാരിക്കുകയും ചെയ്തിരുന്നു, പിന്നീട് കണ്ടിട്ടില്ല.

ബാലു പാതിവഴിയില്‍ ഇട്ടുപോയ ആല്‍ബമൊക്കെ താന്‍ പൂര്‍ത്തായാക്കുമെന്ന വാര്‍ത്തയും ലക്ഷ്മി നിഷേധിച്ചു. കൈ പോലും പരസഹായമില്ലാതെ അനക്കാന്‍ കഴിയാത്ത ഞാന്‍ ആല്‍ബം ചെയ്യാന്‍ ശ്രമരിക്കുമോ? മാത്രമല്ല എനിക്ക് സംഗീതം ആസ്വദിക്കാന്‍ മാതമേ അറിയൂ. ബാലുവിന്റെ സംഗീത യാത്രകളില്‍ ഞാന്‍ ഒപ്പം സഞ്ചരിച്ചിരുന്നു എന്നല്ലാതെ സംഗീതം കൈകാര്യം ചെയ്യാനൊന്നും എനിക്കറിയില്ല. ബാലുവിനെക്കുറിച്ചു പോറയുമ്പോഴോക്കെ ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ വലിയ ആഭരണങ്ങളൊന്നും ധരിക്കാറില്ല. ചെറിയ കമ്മലുകളാണ് ഉപയോഗിക്കാറ്. ബാലുവും അത് മാത്രമേ എനിക്ക് വാങ്ങിത്തരാറുള്ളൂ. താലിമാല ധരിക്കാറുണ്ട്. ബാലുവും മോളും കൂടെ ഇല്ലാതെ എനിക്കെന്തിനാണ് സ്വര്‍ണവും പണവും. അപകടസമയത്ത് ലക്ഷ്മിയുടെ ബാഗില്‍ നിറയെ സ്വര്‍ണമായിരുന്നു എന്ന ആരോപണത്തോട് പ്രതിരിക്കുകയായിരുന്നു ലക്ഷ്മി. സമ്മര്‍ദ്ദം കൂടാതെ നോക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ വളരെ വേദനപ്പിക്കുന്ന ആരോപണങ്ങള്‍ക്കിടയില്‍ സമ്മര്‍ദമുണ്ടാകാതെ എങ്ങനെ കഴിയും, ലക്ഷ്മി കണ്ണീരോടെ ചോദിക്കുന്നു.