തിരുവനന്തപുരത്ത് 18കാരനൊപ്പം കണ്ടെത്തിയ 16കാരിയെ പേരാമ്പ്ര മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പൊലീസ് വെട്ടിലായി: പോലീസ് സ്‌റ്റേഷനിലും നാടകീയ രംഗങ്ങള്‍

single-img
4 June 2019

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് അന്വേഷണ സംഘം കണ്ടെത്തിയ 16കാരിയെയും കായക്കൊടി സ്വദേശിയായ യുവാവിനെയും പൊലീസ് നാദാപുരത്തെത്തിച്ചു. പേരാമ്പ്ര മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

എന്നാല്‍ കൂടെയുണ്ടായിരുന്ന കായക്കൊടി മണങ്ങാട്ട് പൊയില്‍ അശോകന്റെ മകന്‍ രാഹുലി(18)നെ ഹാജരാക്കാതിരുന്ന പോലീസ് വെട്ടിലായി. കൂടെയുണ്ടെന്ന് പറയുന്ന യുവാവ് എവിടെയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് മുന്നില്‍ നാദാപുരം പൊലീസ് വിയര്‍ത്തു.

യുവാവിനെക്കൂടി കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടതോടെ പൊലീസ് സ്റ്റേഷനിലുള്ള യുവാവിന്റെ മെഡിക്കല്‍ പരിശോധന അടക്കം പൂര്‍ത്തീകരിക്കാന്‍ പൊലീസ് നെട്ടോട്ടമോടി. യുവാവിനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ നിസ്സാര വകുപ്പ് ചേര്‍ത്താണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. രാത്രി വൈകി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞമാസം 31നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി യുവാവ് കടന്നത്. വെള്ളിയാഴ്ച വൈകീട്ട് മാതാവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാര്‍ഥിനി വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായക്കൊടിയിലെ പ്രവാസിയുടെ മകനൊപ്പമാണ് വിദ്യാര്‍ഥിനി കടന്നുകളഞ്ഞതെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ജില്ലക്ക് പുറത്തേക്ക് വ്യാപിപ്പിച്ചു.

യുവാവിനെ കാണാതായതോടെ ബന്ധുക്കള്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ രക്ഷിതാക്കള്‍ വിദേശത്താണ്. മകനെ കാണാതായതറിഞ്ഞ് പിതാവും മാതാവും നാട്ടിലെത്തി. പ്രവാസിയുടെ ഉടമസ്ഥതയിലുള്ള കര്‍ണാടക, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലെ എസ്റ്റേറ്റുകളില്‍ പൊലീസ് പരിശോധന നടത്തി.

റൂറല്‍ പൊലീസ് സൂപ്രണ്ട് അബ്ദുള്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലയിലെ മൂന്ന് എസ്.ഐമാര്‍ അടങ്ങുന്ന അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍ 18 എന്‍ 3600 നമ്പര്‍ ഇന്നോവ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടി രാഹുലിന്റെ കാറില്‍ കയറിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനിടെ കോഴിക്കോട്ടെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി. റെയില്‍വേ സ്റ്റേഷന് സമീപത്തെ ആഡംബര ഹോട്ടലില്‍ യുവാവ് വിദ്യാര്‍ഥിനിക്കൊപ്പം മുറിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഹോട്ടലധികൃതര്‍ റൂം നല്‍കിയില്ല.

അന്വേഷണ സംഘം ഹോട്ടലിലെത്തി ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും യുവാവിന്റെയും വിദ്യാര്‍ഥിനിയുടെയും ഫോട്ടോ തിരിച്ചറിയുകയും ചെയ്തു. വിദ്യാര്‍ഥിനി യുവാവിനൊപ്പമാണെന്ന് സ്ഥിരീകരിച്ച പൊലീസ് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

ശനിയാഴ്ച രാത്രിയോടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാള്‍ പരിസരത്തുവെച്ച് ഉച്ചക്ക് 12.45ഓടെ കസ്റ്റഡിയിലെടുത്ത് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിക്ക് ഡിവൈ.എസ്.പി ഓഫിസില്‍ വൈകുന്നേരം വരെ സുഖ ജീവിതമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങളുമുണ്ടായി. പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തേണ്ട പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കം പരസ്യമായിരുന്നു.

സംഭവത്തില്‍ പൊലീസിലും അതൃപ്തി പ്രകടമായിരുന്നു, സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് നേരിട്ട് ഇടപെട്ടാണ് കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചത്. കുട്ടിയെ കണ്ടെത്തിയതു മുതല്‍ ഉന്നത ഇടപെടലുകള്‍ സജീവമായിരുന്നു. സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈനില്‍ പരാതിയുണ്ട്. അടുത്ത ദിവസം കുട്ടിയില്‍നിന്ന് മൊഴിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പരാതി നല്‍കിയത് പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് വിശദീകരണം.

കടപ്പാട്: മാധ്യമം