നിപയുടെ ഉറവിടം തൃശൂരല്ല; യുവാവിന് പനി ബാധിച്ചത് തൃശൂരിൽ നിന്നല്ല; ഒപ്പം താമസിച്ച 22 പേർക്കും പനിയില്ലെന്നും വിശദീകരണം

single-img
3 June 2019

കൊച്ചിയിൽ ചികിൽസയിൽ കഴിയുന്ന നിപ സംശയിക്കുന്ന യുവാവിന്റെ കാര്യത്തിൽ വിശദീകരണവുമായി തൃശൂർ ഡിഎംഒ. രോഗത്തിന്റെ ഉറവിടം തൃശൂരല്ലെന്നു ഡിഎംഒ മാധ്യമങ്ങളോടു പറഞ്ഞു. യുവാവ് നാലു ദിവസം തൃശൂരിൽ താമസിച്ചിരുന്നു. 22 പേരും ഇയാളോട് ഒപ്പം താമസിച്ചിരുന്നു. ഇവരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു പരിശോധിച്ചു. ആർക്കും ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയില്ല. യുവാവിനു തൊടുപുഴയിൽനിന്നു വരുമ്പോൾ തന്നെ പനിയുണ്ടായിരുന്നു. അവിടെ നിന്നാവാം വൈറസ് ബാധിച്ചത്. അതിനാൽ ആശങ്ക വേണ്ടെന്നും ഡിഎംഒ വ്യക്തമാക്കി.

ഇടുക്കി തൊടുപുഴയിൽ പഠിക്കുന്ന യുവാവ് ഇന്റേൻഷിപ്പിനു വേണ്ടി തൃശൂരിൽ എത്തിയതായിരുന്നു. ഇതിനിടെയാണ് യുവാവിന് പനി ബാധിച്ചത്. തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പനി മൂർച്ഛിക്കുകയും നടക്കാൻ പറ്റാത്ത അവസ്ഥ വരികയും ചെയ്തതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നത്.

അതേസമയം, യുവാവു പഠിക്കുന്ന തൊടുപുഴയിലെ കോളെജും പരിസരും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡി.എഫ്.എ അറിയിച്ചു. ആവശ്യമുള്ള മുൻകരുതലുകൾ സ്വീകരിച്ചെന്നും ഡി.എഫ്.ഒ അറിയിച്ചു. യുവാവിനു നിപ ബാധയെന്ന് പൂർണമായി ഉറപ്പിക്കാൻ കൂടുതൽ പരിശോധനാ ഫലം ലഭിക്കണമെന്നും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു.

‘എറണാകുളം ജില്ലിയിലെ പറവൂർ സ്വദേശിയാണ് ചികിത്സയിൽ കഴിയുന്നത്. നിപയെന്ന് സംശയിക്കുന്നുണ്ട്. പൂർണമായി ഉറപ്പിക്കാൻ ആയിട്ടില്ല. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളെജിൽ ഐസോലേഷൻ വാർഡ് ആരംഭിച്ചിട്ടുണ്ട്. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെ’ന്നും മന്ത്രി പറഞ്ഞിരുന്നു.