‘നോട്ടുകളില്‍ നിന്നടക്കം ഗാന്ധി ചിത്രം നീക്കം ചെയ്യണം; ഗാന്ധിയെ കൊന്നതിന് ഗോഡ്‌സെക്ക് നന്ദി’; ഐ.എ.എസ് ഓഫീസറുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം

single-img
3 June 2019

Doante to evartha to support Independent journalism

കറന്‍സിയില്‍ നിന്നു മഹാത്മാഗാന്ധിയുടെ ചിത്രവും ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രതിമകളും നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ ഐഎഎസ് ഉദ്യോഗസ്ഥ ട്വിറ്ററില്‍ എഴുതിയ കുറിപ്പ് വിവാദത്തില്‍. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി കമ്മിഷണറായ നിധി ചൗധരിയാണ് വിവാദ നായിക. അധികം പ്രചരിക്കും മുന്‍പ്, അപകടം മനസ്സിലാക്കി അവര്‍ കുറിപ്പു പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്.

മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികാഘോഷത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. ‘അസാധാരണമായ 150ാം ജന്‍മവാര്‍ഷികാഘോഷം നടക്കുന്നു. നമ്മള്‍ കറന്‍സിയില്‍ നിന്ന് അദ്ദേഹത്തിന്റെ പടങ്ങള്‍ നീക്കം ചെയ്യണം. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ആ പ്രതിമകള്‍ ഉന്‍മൂലനം ചെയ്യണം. സ്ഥാപനങ്ങള്‍ക്കും റോഡുകള്‍ക്കും അദ്ദേഹത്തിന്റെ പേരു നല്‍കിയിരിക്കുന്നതു മാറ്റണം. അതായിരിക്കും അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും വലിയ ആദരവ്. 30.01.1948ന് നന്ദി ഗോഡ്‌സെ” ഇതായിരുന്നു മഹാത്!മാ ഗാന്ധിയുടെ ഭൗതിക ശരീരത്തിന്റെ ചിത്രം സഹിതമുള്ള നിധി ചൗധരിയുടെ ട്വിറ്റര്‍ പോസ്റ്റ്. മേയ് 17നാണ് അവര്‍ ഈ കുറിപ്പെഴുതിയത്.

ഇതോടെ നടപടി തേടി കോണ്‍ഗ്രസും എന്‍സിപിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നു എന്‍സിപി നേതാവ് ജിതേന്ദ്ര ആവാഡ് ആവശ്യപ്പെട്ടു. പ്രജ്ഞ സിങ് ഠാക്കൂറിനു ശേഷം ഐഎഎസ് ഉദ്യോഗസ്ഥര്‍ വരെ ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന സാഹചര്യം വന്നിരിക്കുകയാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ധീപ് സിങ് സുര്‍ജേവാല പറഞ്ഞു.

അതേസമയം, ട്വീറ്റ് വിവാദമായതിന് പിന്നാലെ നിധി ചൗധരി ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തന്റെ പോസ്റ്റ് ആളുകള്‍ മനസിലാക്കിയതില്‍ തെറ്റ് സംഭവിച്ചെന്നും താന്‍ ആക്ഷേപഹാസ്യരൂപത്തിലാണ് പോസ്റ്റ് ഇട്ടതെന്നും നിധി പിന്നീട് ട്വീറ്റ് ചെയ്തു. 2011 മുതല്‍ ആളുകള്‍ തന്നെ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ആവര്‍ക്ക് മനസിലാകുമായിരുന്നു താന്‍ ഗാന്ധിയെ അപമാനിച്ചിട്ടില്ല എന്ന്. ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിക്കുന്നു. ജീവിതാവസാനം വരെ ഇത് ഉണ്ടാകുമെന്നും ഗാന്ധിയെ വണങ്ങുന്ന ചിത്രങ്ങള്‍ പങ്ക് വെച്ചുകൊണ്ട് നിധി ചൗധരി ട്വീറ്റ് ചെയ്തു.