അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജയിലില്‍ അടച്ചു; മുഹമ്മദ് സനാവുള്ളയ്ക്കും കുടുംബത്തിനും നിയമസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യൻ ആ‍ർമി

single-img
31 May 2019

ദേശീയ പൗരത്വ രജിസ്റ്ററിൽ പറയുന്ന നിയമ പ്രകാരം അനധികൃത കുടിയേറ്റക്കാരനെന്ന കാരണത്താൽ ജയിലിൽ അടക്കപ്പെട്ട കരസേന മുൻ ഓണററി ലെഫ്റ്റനന്റ് മുഹമ്മദ് സനാവുള്ളയ്ക്ക് വേണ്ടി ഇന്ത്യൻ ആ‍ർമി രംഗത്തിറങ്ങുന്നു. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ട എല്ലാ നിയമസഹായങ്ങളും നൽകുമെന്ന് ഗോഹാട്ടി നാരംഗി ഏരിയയിലെ ഇന്ത്യൻ കരസേന വിഭാഗം വ്യക്തമാക്കി.

രാജ്യത്തിനായി കാ‍ർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയും 30 വർഷത്തോളം രാജ്യ സുരക്ഷയ്ക്ക് വേണ്ടി പ്രയത്നിക്കുകയും ചെയ്ത മുഹമ്മദ് സനാവുള്ള ഇപ്പോൾ തടവിൽ കഴിയുകയാണ്.നിയമ പോരാട്ടം ആയതിനാൽ ഇന്ത്യൻ ആർമിക്ക് നേരിട്ട് രംഗത്തിറങ്ങാൻ സാധിക്കില്ല എങ്കിലും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും നൽകുമെന്ന് മുതി‍ർന്ന സൈനിക ഉദ്യോഗസ്ഥർ സനാവുള്ളയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് നേരിട്ട് പറ‌ഞ്ഞു. ഗോഹാട്ടിയിൽ പ്രവർത്തിക്കുന്ന ആർമി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ പി കോങ്സായിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.

സൈന്യത്തിൽ നിന്ന് വിരമിച്ച മുഹമ്മദ് സനോല്ല അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ബോർഡർ പോലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. സംസ്ഥാനത്തിൽ ഇദ്ദേഹത്തെ പോലെ ആറോളം മുൻ സൈനികർക്ക് ഫോറിനേർസ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയതായാണ് വിവരം.