ട്വിറ്റര്‍ ട്രെന്റിംഗില്‍ മോദിയെ പിന്തള്ളി നേശാമണി ഒന്നാം സ്ഥാനത്ത്

single-img
30 May 2019

നരേന്ദ്ര മോദിയെ പിന്തള്ളി ട്വിറ്റര്‍ ട്രെന്റിംഗില്‍ ഒന്നാമതെത്തി നേശാമണി. #Pray_for_Neasamani ഈ ഹാഷ്ടാഗ് ബുധന്‍ രാത്രിയോടെയാണ് ട്വിറ്ററിന്റെ ടോപ് ട്രന്റിങ്ങില്‍ എത്തിയത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാം തവണ അധികാരമേല്‍ക്കുന്നതിനെ തുടര്‍ന്നു തരംഗമായ #ModiSarkar2 എന്ന ഹാഷ്ടാഗിനെ പിന്നിലാക്കിയായിരുന്നു ഇതിന്റെ കുതിപ്പ്. ഇതോടെയാണ് ആരാണ് നെസാമണി എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നത്.

വിജയ്‌യും സൂര്യയും നായകന്മാരായ ഫ്രണ്ടസ് സിനിമയിലെ വടിവേലുവിന്റെ കഥാപാത്രമാണ് നെസാമണി. തെളിച്ചു പറഞ്ഞാല്‍ മലയാള സിനിമ ഫ്രണ്ട്‌സില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ലാസര്‍ എളേപ്പന്‍ എന്ന കഥാപാത്രത്തിന്റെ തമിഴ് രൂപം. ഈ കഥാപാത്രത്തിനു വേണ്ടിയാണ് ട്വിറ്ററില്‍ പ്രാര്‍ഥന നടക്കുന്നത്.

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഒരു ട്രോള്‍ പേജില്‍ ഒരു കൂട്ടം സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ചുറ്റികയുടെ ചിത്രത്തിനൊപ്പം ആ വസ്തുവിന് നിങ്ങളുടെ രാജ്യത്ത് എന്താണ് പറയുന്നതെന്ന ചോദ്യവും പങ്കുവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യം ശ്രദ്ധയില്‍പ്പെട്ട ഒരു വടിവേലു ആരാധകന്‍ ചുറ്റികയെ തമിഴ് സിനിമയായ ‘ഫ്രണ്ടസി’ലെ വടിവേലു അവതരിപ്പിച്ച നേശാമണി എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചു.

”ഇതിനെ ഞങ്ങളുടെ നാട്ടില്‍ ‘സുത്തിയല്‍’ എന്നാണ് പറയുകയെന്നും ഇതു വീണ് പെയിന്റിങ് കോണ്‍ട്രാക്ടറായ നെസാണമണിയുടെ തല പൊട്ടിയെന്നും ഒരാള്‍ കമന്റിട്ടു. ഫ്രണ്ട്‌സ് സിനിമയുമായി ബന്ധിപ്പിച്ചിട്ട കമന്റ് മനസ്സിലാക്കി മറ്റൊരു തമിഴ്‌നാടു സ്വദേശി ഇപ്പോള്‍ എങ്ങനെയുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കാമെന്നും മറുപടി നല്‍കി. ഇതിനൊപ്പം #Pray_For_Nesamani എന്നും കുറിച്ചു.

ഇതോടെ ഈ ഹാഷ്ടാഗ് ശ്രദ്ധ കൂടുതല്‍ നേടി. നിരവധി തമിഴ്‌നാട് സ്വദേശികള്‍ ഈ തമാശയില്‍ പങ്കുച്ചേര്‍ന്നു. ഹാഷ്ടാഗ് ചൂടുപിടിച്ചതോടെ താരങ്ങളും സംഘടനകളുടെ ഔദ്യോഗിക പേജുകളും നെസാമണിക്ക് ആദരവ് അര്‍പ്പിച്ചു പോസ്റ്റുകള്‍ ഇട്ടു തുടങ്ങി.

നെസാമണിയുടെ ആരോഗ്യനില സംബന്ധിച്ച അപ്പോളോ ആശുപത്രിയുടെ പ്രസ് റിലീസും, ചുറ്റിക തലയിലേക്കു വീഴുന്നതിന്റെ ദൃശ്യങ്ങളും ട്രോളന്മാര്‍ വ്യാപകമായി പ്രചരിപ്പിച്ചു. നെസാമണിക്കു വേണ്ടി ശബ്ദിക്കാത്ത രാഷ്ട്രീയക്കാര്‍ക്കു വോട്ടില്ലെന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും വരെ വാര്‍ത്തകളായി. വിദഗ്ദ ചികിത്സയ്ക്കായി ലണ്ടനില്‍ നിന്നു ഡോക്ടര്‍ വരുന്നതും നെസാമണിക്കു വേണ്ടി ആരാധകര്‍ പൂജ ചെയ്യുന്നതും ട്രോളുകളില്‍ നിറഞ്ഞു.

ഇതോടെ ട്വിറ്ററില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നരേന്ദ്ര മോദിയെ പിന്തള്ളി നേശാമണി ട്വിറ്ററില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നിന്ന് ചുറ്റിക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കാനും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

ആകെ മൊത്തം നെസാമണി മയമായതോടെ പല വന്‍കിട ബ്രാന്റുകളും സോഷ്യല്‍ മീഡിയയില്‍ പരസ്യവുമായി രംഗത്തിറങ്ങി. ജോലി അറിയാത്ത പണിക്കാര്‍ കാരണമാണ് നെസാമണിക്ക് ഇങ്ങനെ സംഭവിച്ചതെന്നും പ്രഫഷനല്‍ പെയിന്റമാരുടെ സേവനം ലഭ്യമാക്കാന്‍ വിളിക്കൂ എന്നുമായിരുന്നു ഒരു പെയിന്റ് കമ്പനിയുടെ കുറിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സും ധോണിയുമായി ബന്ധിപ്പിച്ച് ട്രോളുണ്ടാക്കി.