ചന്ദ്രശേഖര്‍ റാവുവിനും ജഗന്‍ മോഹന്‍ റെഡ്ഡിക്കും പുറമേ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും

single-img
30 May 2019

കെ ചന്ദ്രശേഖര്‍ റാവുവും ജഗന്‍ മോഹന്‍ റെഡ്ഡിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ചടങ്ങിന് ഉണ്ടാകില്ല എന്ന് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ എന്നീ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്നറിയിച്ച് മുന്‍പേ രംഗത്തെത്തിയിരുന്നു.

എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി ഭവനില്‍ ഇന്ന് വൈകീട്ട് 7നാണ് സത്യപ്രതിജ്ഞ.