റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ രഹസ്യ കാമുകി ഇരട്ട പ്രസവിച്ചു

single-img
29 May 2019

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ രഹസ്യ കാമുകിയെന്നാരോപിക്കപ്പെടുന്ന അലീൻ കബേവ ഇരട്ട പ്രസവിച്ചതായി യുകെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ടാബ്ലോയിഡ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

പഴയ ഒളിമ്പിക് മെഡൽ ജേതാവും ജിംനാസ്റ്റുമായ കബേവ പുട്ടിന്റെ രഹസ്യ കാമുകിയാണെന്നാണ് ആരോപിക്കപ്പെടുന്നത്. 2014 വരെ റഷ്യൻ പാർലമെന്റിൽ അംഗമായിരുന്ന ഇവർ ഇപ്പോൾ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ തലപ്പത്തുള്ളയാളാണ്.

അലീനയുടെ പ്രസവത്തിനായി കുലകോവ് മെഡിക്കൽ റിസർച്ച് സെന്ററിലെ ഗൈനക്കോളജി വിഭാഗം സ്ഥിതി ചെയ്യുന്ന അഞ്ചാം നില മുഴുവനായി ഈ മാസം ആദ്യം തന്നെ ഒഴിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രസവത്തിൽ കബേവ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയതായി ഒരു റഷ്യൻ പത്രപ്രവർത്തകനെ ഉദ്ധരിച്ച് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റഷ്യൻ അധികൃതർ ഈ വാർത്തകൾ നിഷേധിക്കുകയാണ്.

2008-ൽ അലീൻ ഒരു പെൺകുഞ്ഞിനു ജന്മ നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വ്ലാദിമിർ പുട്ടിനേക്കാ‍ൾ 30 വയസിന് ഇളയതാണ് 36 വയസുകാരിയായ അലീന.

മുൻപ് കബേവയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പുട്ടിൻ നിഷേധിച്ചിരുന്നു. തന്റെ ഭാര്യയായിരുന്ന ല്യൂദ്മില ഷ്ക്രെബ്നേവയുമായുള്ള 30 വർഷം നീണ്ട ദാമ്പത്യം 2013-ൽ പുട്ടിൻ അവസാനിപ്പിച്ചിരുന്നു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് പെണ്മക്കളുണ്ട്.