വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ഒരുങ്ങുന്നത് ഒന്നരക്കോടിയുടെ ഹൈടെക് അടുക്കള

single-img
28 May 2019

വിയ്യൂര്‍ സെൻട്രൽ ജയിലിൽ തടവുകാർക്കായി ഒരുങ്ങുന്നത് ഒന്നരക്കോടിയുടെ ഹൈടെക് അടുക്കള. കേരളത്തിൽ ഒരു ജയിലില്‍ ഇതാദ്യമായാണ് ഒന്നര കോടി രൂപ ചെലവിട്ട് അത്യാധുനിക അടുക്കള നിര്‍മ്മിച്ചിരിക്കുന്നത്.

ഇവിടെ അകെ 840 തടവുകാരാണുളളത്. എല്ലാ തടവുകാർക്കുമായി രണ്ട് നേരത്തേക്ക് വേണ്ടത് ആകെ 350 കിലോ അരിയാണ്. നിലവിൽ ഇത് പാകം ചെയ്യാൻ മണിക്കൂറുകളുടെ അധ്വാനവും ആവശ്യമാണ്. പുതിയ അടുക്കള എത്തിയാൽ അരമണിക്കൂറിനകം മുഴുവൻ പേര്‍ക്കുമുളള ചോറ് തയ്യാറാകും. അരിവെക്കാൻ ആവിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തില്‍ വെള്ളം തിളപ്പിച്ച് അരി കഴുകി ഇട്ടാല്‍ മാത്രം മതി.

ചെന്ന് കയറുന്ന ആർക്കും ഇതൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ അടുക്കളയെന്ന് തോന്നും. പച്ചക്കറി വിഭവങ്ങളായ സാമ്പാറും അവിയലും ഉണ്ടാക്കാൻ പ്രത്യേകം യന്ത്രങ്ങള്‍. അതെപ്പോലെ പച്ചക്കറി കഴുകാനും അരിയാനും അത്യാധുനിക മെഷീൻ. നൂറു തേങ്ങകൾ ചിരകിയെടുക്കാന്‍ വെറും അരമണിക്കൂര്‍ മതി.
തയ്യാറാക്കുന്ന ഭക്ഷണം സെല്ലുകളിലേക്ക് കൊണ്ടുപോകാൻ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനവുമുണ്ട്.

മുൻപ് 33 തടവുകാര്‍ രാപ്പകലില്ലാതെ പണിയടുത്താണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ അടുക്കള ഹൈടെക് ആയതോടെ ഇവരുടെ ജോലി ഭാരം കുറഞ്ഞു. തടവുകാരുടെ വസ്ത്രങ്ങൾ അലക്കാനും വിദേശ നിര്‍മ്മിത യന്ത്രമുണ്ട്.