വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു കാറിൽ: ബിഎംഡബ്ല്യുവിന്റെ വീഡിയോ വൈറലാകുന്നു

single-img
28 May 2019

വിരമിച്ച മെഴ്സിഡസ് ബെൻസ് സിഇഒ ഡയറ്റർ സെഷെയ്ക്ക് ആശംസകൾ അർപ്പിച്ച് ബിഎംഡബ്ല്യു പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിരമിച്ച ദിവസം വീട്ടിലെത്തിയ ഡയറ്റർ സെഷെ തന്റെ ഗ്യാരേജിൽ നിന്നും ബിഎംഡബ്ല്യുവിന്റെ ഐ 8 റോഡ്സ്റ്റർ ഡ്രൈവ് ചെയ്ത് പുറത്തുപോകുന്ന വീഡിയോയാണ് അദ്ദേഹവുമായി സാദൃശ്യമുള്ള ഒരു പ്രൊഫഷണൽ നടനെ ഉപയോഗിച്ച് ബിഎംഡബ്ല്യു കമ്പനി ചിത്രീകരിച്ചത്.

സെഷെയോട് സാദൃശ്യമുള്ള നടൻ അഭിനയിക്കുന്ന ദൃശ്യങ്ങളിൽ സെഷെ മെഴ്സിഡസ് കമ്പനിയിലെ തന്റെ അവസാന ദിവസത്തിലൂടെ കടന്നുപോകുകയാണ്. നിരവധി ജീവനക്കാരോടൊപ്പം സെൽഫികൾ എടുത്തും എല്ലാവരോടും യാത്രപറഞ്ഞും വികാരഭരിതമായ വിരമിക്കൽ ദിനത്തിലൂടെ കടന്നുപോകുന്ന സെഷെയെ മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് കാറിൽ വീട്ടിലെത്തിച്ച ശേഷം കാ‍ർ തിരിച്ചുപോകുന്നു. അടുത്ത ദൃശ്യത്തിൽ സെഷെയുടെ വീടിന്റെ ഗ്യാരേജ് തുറന്ന് ഒരു ബിഎംഡബ്ല്യു ഐ 8 റോഡ്സ്റ്റർ കാർ പുറത്തേയ്ക്ക് വരികയാണ്. ഡ്രൈവിംഗ് സീ‍റ്റിൽ സെഷെയും. ടാഗ് ലൈനായി “അവസാനം സ്വാതന്ത്ര്യം” എന്ന് എഴുതിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

വീഡിയോ അവസാനിക്കുമ്പോൾ വാഹനവിപണന ലോകത്തിന് സെഷെ നൽകിയ സംഭാവനകൾക്ക് കൃതജ്ഞത രേഖപ്പെടുത്താൻ മനോഹരമായ ഈ വരികളും : “ നന്ദി, ഡയറ്റർ സെഷെ, ഇത്രയും വർഷം പ്രചോദനപരമായ മത്സരം കാഴ്ചവെച്ചതിന്.”

എന്നാൽ ഈ വീഡിയോയിലൂടെ തങ്ങളുടെ പുതിയ ഇലക്ട്രിക്-ഹൈബ്രിഡ് കാർ ആയ ഐ 8 റോഡ്സ്റ്റർ മാർക്കറ്റ് ചെയ്യുക കൂടി ചെയ്യുന്നുണ്ട് ബിഎംഡബ്ല്യു. ഏകദേശം 50 കിലോമീറ്റർ മൈലേജുള്ള സ്പോർട്സ് തരത്തിലുള്ള ലക്ഷ്വറി കാർ ആണ് ഐ 8.

എന്നാൽ ഇതിന് ആരോഗ്യകരമായ മറുപടിയുമായി മെഴ്സിഡസ് ബെൻസ് കമ്പനിയും രംഗത്തെത്തിയിരുന്നു.

“നന്ദി ബിഎംഡബ്ല്യു, നല്ല മനസോടെയുള്ള നിങ്ങളുടെ നിർദ്ദേശത്തിന്. എന്നാൽ ഞങ്ങൾക്ക് 100 ശതമാനം ഉറപ്പുണ്ട് അദ്ദേഹം ഇക്യുവിലേയ്ക്ക് മാറുമെന്ന്.” എന്നായിരുന്നു ബെൻസിന്റെ ട്വീറ്റ്. മെഴ്സിഡസ് ബെൻസിന്റെ ഇലക്ട്രിക്-ഹൈബ്രിഡ് കാർ ബ്രാൻഡ് ആണ് ഇക്യു.