കൊല്ലത്ത് പതിനാറ് വയസുകാരിയുടെ മരണ കാരണം മന്ത്രവാദ ചികിത്സയും ലൈംഗിക ആക്രമണവും

single-img
27 May 2019

കൊല്ലം ജില്ലയിലെ മുതിരപ്പറമ്പ് സ്വദേശിനിയായ പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഠിനമായ ന്യൂമോണിയ ബാധിച്ച കുട്ടിയെ ബന്ധുക്കൾ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി ബായി ഉസ്താദ് എന്നു അറിയപ്പെടുന്ന നൗഷാദിനെയും പിതൃസഹോദരിമാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഏപ്രില്‍ മാസം 16 നാണ് പെണ്‍കുട്ടി മന്ത്രവാദത്തിനിടെ തിരുനെല്‍വേലി ആറ്റിൻകരയിലെ ഒരു ലോഡ്ജിൽ വെച്ച് കൊല്ലപ്പെട്ടത്. ന്യൂമോണിയ ബാധിച്ച കുട്ടിയെ ചികിത്സയ്ക്ക് പകരം മന്ത്രവാദത്തിന് വിധേയയാക്കുകയായിരുന്നു.

അമ്മയുടെ പ്രേതബാധ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന അന്ധവിശ്വാസമായിരുന്നു ബന്ധുക്കള്‍ക്ക്. മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പ് കടുത്ത പനിബാധിതയായ പെണ്‍കുട്ടിയുമായി കുടുംബാഗങ്ങള്‍ ബാധ ഒഴിപ്പിക്കാനുള്ള പ്രാര്‍ഥനയ്ക്കായി തമിഴ്നാട്ടിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോകുകയായിരുന്നു.

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് വിധേയാക്കിയരുന്നുവെന്ന് കണ്ടെത്തിയത്. ഏഴുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു. അച്ഛന്‍ വിദേശത്തു ആയതിനാല്‍ പിതൃസഹോദരിമാര്‍ക്കൊപ്പമായിരുന്നു താമസം.