പതിനഞ്ച് ദിവസം കൊണ്ട് നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകനെ നടത്തിച്ചത് 150 തവണ; ഒടുവില്‍ കോട്ടയം നഗരസഭയിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍

single-img
27 May 2019

കോട്ടയം: നഗരസഭയുടെ നാട്ടകം മേഖലാ കാര്യാലയത്തില്‍ റവന്യു ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയര്‍ ക്ലാര്‍ക്ക് എം.ടി പ്രമോദ്(49) കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍. നാട്ടകം സ്വദേശിയില്‍ നിന്നു 12000 രൂപ കൈക്കൂലിയായി വാങ്ങിയതിനാണു വിജിലന്‍സ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രമോദിനെ അറസ്റ്റ് ചെയ്തത്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് (ജമ മാറ്റ സര്‍ട്ടിഫിക്കറ്റ്) വേണ്ടിയാണ് നാട്ടകം സ്വദേശി ഫെബ്രുവരിയില്‍ അപേക്ഷിച്ചത്. അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായിരുന്നു അപേക്ഷ.

കെട്ടിട കൈവശാവകാശ പത്രത്തിന് അപേക്ഷ നല്‍കിയാല്‍ 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണം. 3 മാസങ്ങള്‍ പിന്നിട്ടിട്ടും ഉടമസ്ഥാവകാശം മാറ്റാനുള്ള നടപടികളായില്ല. രേഖകള്‍ പാസാക്കി ഒപ്പിടണമെങ്കില്‍ 12000 രൂപ വേണമെന്നാണ് പ്രമോദ് ആവശ്യപ്പെട്ടത്.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സൂപ്രണ്ട് സരസ്വതിയ്ക്കായിരുന്നു ചുമതല. പ്രമോദ് ഈ സമയം റവന്യു വിഭാഗത്തിലെ ക്ലര്‍ക്ക് മാത്രമായിരുന്നു. ഇതിനിടെയുണ്ടായ തസ്തിക മാറ്റത്തിലാണ് പ്രമോദിന് റവന്യു ഇന്‍സ്‌പെക്ടറുടെ ചുമതല ലഭിച്ചത്. സൂപ്രണ്ടും താനും നേരിട്ട് എത്തി സ്ഥലം പരിശോധിക്കണമെന്ന് പറഞ്ഞാണ് ആദ്യം അപേക്ഷ വൈകിപ്പിച്ചത്.

സ്ഥലം ഇരുവരും പരിശോധിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. 150 തവണ കയറി ഇറങ്ങിയശേഷമാണ് 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷകന്‍ കോട്ടയം വിജിലന്‍സ് എസ് പി വി ജി വിനോദ് കുമാറിനു പരാതി നല്‍കി. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകള്‍ ഉദ്യോഗസ്ഥനു നല്‍കി.

പ്രമോദ് അപേക്ഷയില്‍ ഒപ്പിട്ടതിനു പിന്നാലെ വിജിലന്‍സ് സംഘം എത്തി. പരിശോധനയില്‍ നോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോള്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അറസ്റ്റിലായ പ്രമോദിനെ സസ്‌പെന്റ് ചെയ്തു. പ്രതി ചേര്‍ക്കപ്പെട്ട സൂപ്രണ്ട് സരസ്വതിയെ പ്രധാന ഓഫീസിലെ ആരോഗ്യ വിഭാഗത്തിലേയ്ക്ക് സ്ഥലം മാറ്റി. പകരം കെ എസ് മഞ്ജുവിനെ ചാര്‍ജ് ഓഫീസറായി നിയോഗിച്ചു.