കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യം; ഡിജിപിയുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

single-img
27 May 2019

കേരളാ തീരപ്രദേശങ്ങളില്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് സാന്നിദ്ധ്യമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായതിന്റെപശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇപ്പോള്‍ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ യോഗം അവലോകനം ചെയ്തു. ഭീകരരുടെ ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല ചുമതല സെക്യൂരിറ്റി വിഭാഗം ഐ ജി ജി ലക്ഷ്മണിനാണ്.

ഐഎസ് ഭീഷണി സംബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബെഹ്റ പ്രത്യേകം കൂടിക്കാഴ്ച നടത്തി. സംയുക്ത പ്രതിരോധ നടപടികൾ ആരംഭിച്ചു. സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണവും ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു.