“ഫാക് കുർബാ” പദ്ധതി; സാമ്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 220 പേർക്ക് റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു

single-img
27 May 2019

സാമ്പത്തിക ബാധ്യതകളാല്‍ ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 220 പേർക്ക് “ഫാക് കുർബാ” പദ്ധതിയിലൂടെ റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു. ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നവരുടെ ബാധ്യതകൾ തീർക്കാൻ ബാങ്ക് മസ്‌കറ്റുമായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ കരാർ ഒപ്പുവച്ചു. ഒമാനിലെ ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതലാണ് ഫാക് കുർബാ പദ്ധതി ആരംഭിക്കുന്നത്.

സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപ്പെടുന്നതിനാല്‍ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്‌ രണ്ടാമത് ഒരു അവസരം കൂടി ഉണ്ടെന്ന നിലപാടിൽ ആണ് ഫാക് കുര്‍ബ പദ്ധതി ഒമാൻ ലോയേഴ്സ് അസോസിയേഷൻ ആരംഭിച്ചത്. ഇതുവരെയുള്ള ബാധ്യതകൾ തീർപ്പാക്കാതെ നിലനിന്നിരുന്ന 220 കേസുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന കരാറിലാണ് ബാങ്ക് മസ്കറ്റ് – ലോയേഴ്സ് അസോസിയേഷനുമായി കരാറിൽ ഒപ്പു വെച്ചത്. പുണ്യമാസ ദിനമായ ചെറിയ പെരുനാളിനു മുൻപായി ഇവർക്കുള്ള മോചനം സാധ്യമാക്കുവാനാണ് സംഘാടകർ ലക്ഷ്യം വയ്ക്കുന്നത്.

പലവിധത്തിലുള്ള സാമ്പത്തിക ബാധ്യതകളിൽ അകപെട്ടവർക്ക് ഫാക് കുർബാ പദ്ധതിയിലൂടെ സഹായമെത്തിക്കുവാൻ രണ്ടാമത്തെ വർഷവും കഴിഞ്ഞതിൽ സംതൃപ്തി ഉണ്ടെന്നു ബാങ്ക് മസ്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് വലീദ് ബിൻ ഖമീസ് അൽ ഹഷാർ പറഞ്ഞു. ഒമാനിലെ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തിൽ ലോയേഴ്സ് അസോസിയേഷൻ നടത്തിവരുന്ന ഫാക് കുർബാ പദ്ധതിയിലൂടെ ഇതിനകം 1715 പേർക്ക് മോചനം ലഭിച്ചു കഴിഞ്ഞതായി സംഘാടകർ വ്യക്തമാക്കി. സംഘടനയില്‍ നൂറിലധികം അഭിഭാഷകരാണ് ഫാക് കുർബാ പദ്ധതിക്കായി സന്നദ്ധ സേവനം നടത്തി വരുന്നത്.