ഭക്ഷണമെടുത്ത് കഴിച്ചതിന് സഹോദരനോട് മാപ്പ് ചോദിക്കുന്ന നായയുടെ വീഡിയോ വൈറലാകുന്നു

single-img
27 May 2019

കുട്ടികളായ സഹോദരങ്ങൾ തമ്മിൽ വഴക്കുകൂടുന്നതും ഒരാളുടെ സാധനം മറ്റൊരാൾ എടുക്കുന്നതും സർവ്വസാധാരണമാണ്. എന്നാൽ നായകളുടെ ലോകത്ത് ഇത്തരം കുസൃതികൾ എങ്ങനെയാകുമെന്ന് ഈ നായ്ക്കുട്ടികളുടെ വീഡിയോ പറയും.

താ‍ൻ വളർത്തുന്ന രണ്ട് നായ്ക്കുട്ടികളിൽ ഒന്ന് മറ്റേതിന്റെ ഭക്ഷണം എടുത്ത് കഴിച്ചപ്പോൾ അവയുടെ ഉടമ എന്തു ചെയ്തു എന്നാണ് വൈറലായ ഈ വീഡിയോ കാണിക്കുന്നത്. തന്റെ സഹോദരന്റെ ഭക്ഷണം എടുത്ത് കഴിച്ച നായ്ക്കുട്ടിയെക്കൊണ്ട് സഹോദരനോട് മാപ്പ് ചോദിപ്പിക്കുകയാണ് ഉടമ. ഗോൾഡൻ റിട്രീവർ ഇനത്തിലുള്ള നായ്ക്കുട്ടികളുടെ വീഡിയോ ആണ് ഉടമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരും കണ്ടുനിന്ന് പോകുന്നത്ര നിഷ്കളങ്കമായ സ്നേഹമാണ് ഈ നായ്ക്കുട്ടികൾ പ്രകടിപ്പിക്കുന്നത്. “നീ ‘കിക്കോ‘യുടെ ഭക്ഷണം കഴിച്ചോ?”യെന്ന് ഉടമ ചോദിക്കുമ്പോൾ വാൾട്ടർ എന്ന നായ്ക്കുട്ടി ചമ്മിയമുഖത്തോടെയും കുറ്റബോധത്തോടെയും താഴേയ്ക്ക് നോക്കി നിൽക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.

വാൾട്ടറിനെ വഴക്കുപറയുന്ന ഉടമ അതിനോട് സഹോദരനോട് മാപ്പ് ചോദിക്കാൻ പറയുമ്പോഴാണ് മനോഹരമായ ആ കാരയ്ം സംഭവിക്കുന്നത്. കിക്കോയുടെ അടുത്തേയ്ക്ക് നടന്ന് നീങ്ങിയ വാൾട്ടർ മുൻകാലുകൾ ഉയർത്തി കിക്കോയുടെ തോളിൽ വെച്ച ശേഷം തന്റെ താടി കിക്കോയുടെ തലയുടെ മുകളിൽ ചേർത്ത് വെച്ച് കെട്ടിപ്പിടിച്ചാണ് വാൾട്ടർ മാപ്പ് ചോദിക്കുന്നത്.