സംവിധായകൻ അനുരാഗ് കശ്യപിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ‘മോദി ആരാധകനെ’തിരെ കേസ്

single-img
27 May 2019

തന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയ മോദി ആരാധകനെതിരെ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പരാതി നൽകി. തന്റെ പരാതിയിന്മേൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ച മുംബൈ പൊലീസിന് അദ്ദേഹം ട്വിറ്ററിൽ നന്ദി രേഖപ്പെടുത്തി.

മുംബൈ പൊലീസിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ട്വീറ്റിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. ഒരു പിതാവെന്ന നിലയിൽ താനിപ്പോൾ കൂടുതൽ സുരക്ഷിതനാണെന്നും അദ്ദേഹം കുറിച്ചു

ചൌക്കിദാർ രാം സംഘി ( chowkidar_ramsanghi_ ) എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഇത്തരമൊരു ഭീഷണി ട്വീറ്റ് ഉണ്ടായത്.

” ജയ് ശ്രീരാം, വിടുവായത്തം നിർത്താൻ നിന്റെ അച്ഛനോട് പറഞ്ഞില്ലെങ്കിൽ നിന്നെ ഇതുവരെ ആരും ചെയ്യാത്തതുപോലെ ബലാത്സംഗം (മോശമായ ഭാഷയിൽ) ചെയ്തുകളയും (അസഭ്യം).”

എന്നായിരുന്നു കശ്യപിന്റെ മകളുടെ ചിത്രം ഷെയർ ചെയ്തുകൊണ്ട് ചൌക്കിദാർ രാം സംഘിയുടെ ട്വീറ്റ്.

ഈ കമന്റിന്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തുകൊണ്ട് അനുരാഗ് കശ്യപ് അന്നു തന്നെ നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.

“പ്രിയപ്പെട്ട നരേന്ദ്ര മോദി സർ. അങ്ങയുടെ വിജയത്തിന് അഭിനന്ദനങ്ങളും എല്ലാവരെയും ഉൾക്കൊള്ളുന്നതിനു നന്ദിയും. സർ ഞാൻ അങ്ങയുടെ വിമർശകനായതിന്റെ പേരിൽ എന്റെ മകളെ ഇതുപോലെയുള്ള സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുന്ന അങ്ങയുടെ അനുയായികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുകൂടി ഒന്ന് പറഞ്ഞുതരാൻ ദയവുണ്ടാകണം.”

എന്നായിരുന്നു അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

അതിനു ശേഷം അദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു.