മാധ്യമങ്ങളില്‍ പേരു കണ്ടെന്നു കരുതി ആരും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതേണ്ട; മുന്നറിയിപ്പ് നല്‍കി മോദി

single-img
26 May 2019

മാധ്യമങ്ങളില്‍ പേരു കണ്ടെന്നു കരുതി ആരും മന്ത്രിസ്ഥാനം ആഗ്രഹിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പുതിയ എം.പി.മാര്‍ക്ക് മോദി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയത്. മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ ഓര്‍മപ്പെടുത്തല്‍.

മാധ്യമവാര്‍ത്തകളിലെ പേരുകള്‍ കണ്ടല്ല ബി.ജെ.പി.യും എന്‍.ഡി.എ.യും മന്ത്രിമാരെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ പുതിയ അംഗങ്ങള്‍ വളരെ ജാഗ്രത പാലിക്കണമെന്ന് മോദി പറഞ്ഞു. ഓഫ് ദ റെക്കോഡ് എന്ന് പറഞ്ഞ് ചിലര്‍ സംസാരിക്കാന്‍ സമീപിക്കും. പോക്കറ്റില്‍ ശബ്ദം റെക്കോഡ് ചെയ്യുന്ന സംവിധാനങ്ങളുമായിട്ടായിരിക്കും ഇവര്‍ വരുന്നത്. ഇതറിയാതെ സംസാരിച്ചുപോകും. എന്നാല്‍, അവര്‍ അതെടുത്ത് ചാനലില്‍ കൊടുക്കും. അതിനാല്‍ സംസാരം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെത്തുമ്പോള്‍ സഹായികളായി ചിലര്‍ അടുത്തുകൂടുമെന്നും അവരെ അകറ്റിനിര്‍ത്തണമെന്നും മോദി പറഞ്ഞു. ആദ്യമായി എത്തുന്ന എം.പി.മാര്‍ക്ക് ചിലപ്പോള്‍ വഴി അറിയാതെയോ ഓഫീസ് എവിടെയാണെന്ന് അറിയാതെയോ സംശയങ്ങള്‍ ഉണ്ടാകും. അപ്പോള്‍ സഹായിക്കാന്‍ ഇവര്‍ അടുത്തുകൂടും. ഇവര്‍ പിന്നീട് ബാധ്യതയായി മാറും. അതുപോലെ ഒപ്പംനിന്ന് ഫോട്ടോ എടുക്കാന്‍ വരുന്നവരെയും സൂക്ഷിക്കണം-മോദി നിര്‍ദേശിച്ചു.