എൻ്റെ ശൈലി എൻ്റെ ശൈലി തന്നെയാണ്; അത് അങ്ങനെ തന്നെ തുടരും: പിണറായി വിജയൻ

single-img
25 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ബഹുജന പിന്തുണയില്‍ ഒരു കുറവും വന്നിട്ടില്ല. അതു തെളിയിക്കേണ്ട സയമത്ത് കേരളം തെളിയിക്കും” – മുഖ്യമന്ത്രി പറഞ്ഞു.

”തെരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയായി കാണുന്നില്ല. ജനങ്ങളും അങ്ങനെ കാണുന്നില്ല. ഇത്തരം തെരഞ്ഞെടുപ്പു ഫലമെല്ലാം ഉണ്ടാവുമ്പോള്‍ സാധാരണ വരുന്ന ആവശ്യമാണ് മുഖ്യമന്ത്രി രാജിവയ്ക്കുകയെന്നത്. അതില്‍ കാര്യമില്ല´´- പിണറായി പറഞ്ഞു.

അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായതെന്നും എന്നാല്‍ ഇതു സ്ഥായിയാണെന്നു കരുതേണ്ടെന്നും പിണറായി മാധ്യമങ്ങളോടു പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ബിജെപിക്കായിരുന്നു ഗുണം കിട്ടേണ്ടിയിരുന്നത്. ശബരിമല പ്രശ്‌നം ഉയര്‍ത്തിയ പത്തനംതിട്ടയില്‍ അവരുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയി. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തു സംഭവിച്ചുവെന്ന് പരിശോധിക്കും- മുഖ്യമന്ത്രി വിശദീകരിച്ചു.

ജനവിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന ആവശ്യം ഉയരുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ പിണറായിയുടെ മറുപടി ഇങ്ങനെ: ”എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. അത് അങ്ങനെ തന്നെ തുടരും.”  താന്‍ ഇവിടെ വരെയെത്തിയത് ഇതേ ശൈലി വച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തിരിച്ചടിയുണ്ടാക്കിയെന്ന വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ ധാര്‍ഷ്ട്യം ആര്‍ക്കാണെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നായിരുന്നു മറുപടി.