ഉമ്മൻചാണ്ടിക്ക് ചുമതലയുള്ള ആന്ധ്രയിൽ കോൺഗ്രസ് നോട്ടയ്ക്കും പിന്നിൽ: 2004ലും 2009ലും യുപിഎ സർക്കാർ അധികാരത്തിലെത്താൻ കാരണമായ ആന്ധ്രയിലെ കോൺഗ്രസ് ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ

single-img
25 May 2019

യുപിഎ സർക്കാർ 2004ലും 2009ലും അധികാരത്തിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ച ആന്ധ്രാപ്രദേശിലെ കോൺഗ്രസ് ഘടകം ഇത്തവണ നിലനിൽപിനായുള്ള പോരാട്ടത്തിൽ. 2009ൽ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണവും 2013ലെ സംസ്ഥാന വിഭജനവും നേതൃദാരിദ്ര്യവും പിന്നീടു പാർട്ടിയെ തളർത്തിയ ആന്ധ്രയിൽ കോൺഗ്രസ് പതുക്കെ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് സാക്ഷ്യംവഹിക്കുന്നത്.

2014–ലെ ലോകസ്ഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ആന്ധ്രപ്രദേശിൽ കോൺഗ്രസിന് ജയിക്കാനായില്ല. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. പാർട്ടിവിട്ട മുൻമുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയുൾപ്പെടെ ചിലർ പാർട്ടിയിൽ തിരിച്ചെത്തിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല എന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസിൻറെ സ്ഥാനം നോട്ടയ്ക്ക് പിന്നിലാണ്. 1.29 ശതമാനമാണ് കോൺഗ്രസിൻ്റെ വോട്ടിംഗ് ശതമാനം. എന്നാൽ നോട്ട അതിനും മുകളിലാണ്. 1.49 ശതമാനമാണ് നോട്ടയ്ക്ക് ലഭിച്ച വോട്ടുകൾ.

നിയമസഭാ തിരഞ്ഞെടുപ്പിലും കാര്യങ്ങൾ വ്യത്യസ്തമല്ല. ആകെ വോട്ടിങ് ശതമാനത്തിൽ 1.17 ശതമാനമാണ് കോൺഗ്രസ് നേടിയത്. എന്നാൽ നോട്ട ഇതേ സമയത്ത് 1.28 ശതമാനം നേടിയിട്ടുണ്ട്.

1998ൽ 22 സീറ്റുകൾ നേടിയ കോൺഗ്രസ് 1999ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. എന്നാൽ എതിരാളികളെ ഞെട്ടിച്ച് 2004ൽ 29 സീറ്റും 2009ൽ 33 സീറ്റും നേടി വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസാണ് സമ്പൂർണ്ണ വിജയം വരിച്ചത്. 25 ൽ 23 ലും ജയിച്ച ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് 2 സീറ്റിൽ മുന്നിലാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിക്ക് ഒരു സീറ്റുപോലും നേടാനായില്ല.2014 ൽ 2 സീറ്റ് നേടിയ ബിജെപിക്ക് ഇക്കുറി ഒന്നും നേടാനായില്ല.