സുരേഷ്‌ഗോപിയെ ‘നാണംകെടുത്തി’ ടി.എന്‍.പ്രതാപന്‍: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
24 May 2019

ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. ‘തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ..’ പ്രചാരണവേളയില്‍ സമൂഹമാധ്യമത്തില്‍ ഏറെ ചിരിനിറച്ച ഒന്നാണ് സുരേഷ്‌ഗോപിയുടെ ഈ പ്രയോഗം.

‘ഭരത്ചന്ദ്രന്‍ ഐപിഎസ്’ ആയി കത്തിക്കയറിയ സുരേഷ്‌ഗോപിയുടെ പ്രചാരണം ഇടയ്ക്ക് ഒരു ഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപനെ ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു.

ശക്തി കേന്ദ്രങ്ങളില്‍ പോലും ആധിപത്യം ഉറപ്പിക്കാന്‍ സുരേഷ് ഗോപിക്കായില്ല. നാട്ടികയിലൊഴിച്ച് മറ്റ് ആറ് മണ്ഡലങ്ങളിലും പ്രതാപന്‍ തന്നെയാണ് ലീഡ് നിലനിര്‍ത്തിയത്. 293822 വോട്ട് ആണ് സുരേഷ് ഗോപി നേടിയത്. പ്രതാപന് ലഭിച്ചത് 415089 വോട്ടും.

വിജയമുറപ്പിച്ചശേഷം മാധ്യമങ്ങളെ കണ്ട പ്രതാപന്‍ സുരേഷ്‌ഗോപിയെ അതേ നാണയത്തില്‍ തന്നെ തിരിച്ച് ട്രോളിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘അങ്ങനെ തൃശൂരിനെ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ല. തൃശൂര്‍ തൃശൂര്‍ക്കാര്‍ക്കുള്ളത്. തൃശൂരെന്നും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ കയ്യിലാണ്. ഇവിടെ നിന്ന് ആരെങ്കിലും തൃശൂരിനെ കൊണ്ടുപോകാന്‍ വന്നാല്‍ അത് നടക്കില്ലെന്നും ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു.’ ടി.എന്‍ പ്രതാപന്‍ പറഞ്ഞു.