പിണറായിയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതാണ് സിപിഎമ്മിന്റെ ദുരന്തം: എന്‍കെ പ്രേമചന്ദ്രന്‍

single-img
24 May 2019

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കൊല്ലം മണ്ഡലത്തിലെ നിയുക്ത എംപി എന്‍കെ പ്രേമചന്ദ്രന്‍. ഇടതുപക്ഷത്തിനുള്ള നന്‍മയെ പിണറായി വിജയന്‍ തകര്‍ക്കുകയാണെന്നും പിണറായി വിജയന്‍റെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതാണ് സിപിഎമ്മിന്റെ ദുരന്തമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഒരു സംഘടനയും സമ്പത്തും അധികാരവും ഉപയോഗിച്ച് എന്തും നടക്കുമെന്ന ധാര്‍ഷ്ട്യമാണ് പിണറായിക്ക്. കേരളത്തില്‍ ഇത്തരത്തില്‍ ഒരു ഭരണസംവിധാനം വേണമോ എന്നാ കാര്യം സിപിഎം കേന്ദ്ര നേതൃത്വം ആലോചിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പെട്ടെന്നുതന്നെ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ നില ദയനീയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി കമ്മിറ്റികളില്‍ സിപിഎം നേതാക്കള്‍ പിണറായിയെ ഭയന്നിരിക്കുന്ന ദയനീയ അവസ്ഥയിലാണുള്ളത്. ബിജെപി പോലും ചെയ്യാത്ത നവലിബറല്‍ നയങ്ങളാണ് പിണറായി നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പോയതോടെ മുതലാളിത്തതിന്റെ ദല്ലാളായി പിണറായി മാറിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.