ശബരിമല ഒരു സുവർണാവസരമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്: പി എസ് ശ്രീധരൻപിള്ള

single-img
23 May 2019

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ശബരിമല സുവർണാവസരമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരൻപിള്ള. ദേശീയ രാഷ്ട്രീയത്തിൽ തിരോധാനത്തിന്റെ അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറിയെന്നും സംസ്ഥാനത്ത് സീറ്റ് ലഭിച്ചില്ലെങ്കിലും വോട്ട് ഷെയർ വർധിപ്പിക്കാനായെന്നും ശ്രീധരൻപിള്ള പറഞ്ഞു.

കേരളത്തിൽ മുന്‍കാലങ്ങളിലെക്കാള്‍ എൻഡിഎക്ക് ജനപിന്തുണയേറുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്നും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്രത്തോളം പരാജയപ്പെടാനുണ്ടായ കാരണം നേതൃത്വം വിശദീകരിക്കണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളുടെ നിഷേധാത്മക പ്രചാരണം മൂലമാണ് എൻഡിഎക്ക് വിജയിക്കാനാകാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിൽ ഒരുസീറ്റില്‍ പോലും വിജയിക്കാനാകാത്തതിൽ സംഘടനാ ദൗർബല്യമില്ലെന്നും ശ്രീധരൻപിള്ള വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടകാരിയായി ചിത്രീകരിച്ചതിലൂടെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും അത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിന് കാരണമായെന്നും ശ്രീധരൻപിള്ള പറഞ്ഞു.