ജനവിധി അംഗീകരിക്കുമ്പോഴും വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു: ശരദ് പവാര്‍

single-img
23 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഏകദേശം അറിഞ്ഞതോടെ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നെന്നും എന്നാല്‍ വോട്ടിങ് മെഷീനിൽ ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെനന്നും അദ്ദേഹം പറഞ്ഞു. ” ജനങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. അതേസമയം തന്നെ വോട്ടിങ് മെഷീനുകളിൽ ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്.

മുൻപ് രാജീവ് ഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിച്ചു. ആ സമയത്ത് പോലും തെരഞ്ഞെടുപ്പില്‍ ആരും സംശമുയര്‍ത്തിയിരുന്നില്ല. സമാന അവസ്ഥ തന്നെയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി അധികാരത്തിലെത്തിയപ്പോഴും. എന്നാല്‍ ഇപ്പോൾ അതല്ല സ്ഥിതി. ജനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് രംഗത്തെത്തിക്കഴിഞ്ഞു. അതൊരു സത്യമാണ്- ശരദ് പവാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അത് വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷത്തെ തളര്‍ത്താന്‍ മാത്രമാണ് ഇത്തരമൊരു പോള്‍ പുറത്തുവിട്ടതെന്നും പവാര്‍ പ്രതികരിച്ചിരുന്നു.

എന്‍സിപിയുടെ ശക്തികേന്ദ്രമായ ബാരാമതിയില്‍ മത്സരിക്കുന്ന ശരത് പവാറിന്റെ മകള്‍ സുപ്രിയ പിന്നിലാണ്. മാവലില്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പാര്‍ത്ഥും ശിവസേന സ്ഥാനാര്‍ത്ഥിയേക്കാള്‍ ഏറെ പിന്നിലാണ്.