ബുധന്‍ ,രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനം ശരിയല്ല; ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ല എന്ന് വാരാണസിയിലെ ജ്യോതിഷികള്‍

single-img
22 May 2019

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും ബിജെപിക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് വാരാണസിയിലെ ജ്യോതിഷികളുടെ പ്രവചനം. ഇപ്പോഴുള്ള ഗ്രഹനില ബിജെപിക്ക് അത്ര ശുഭകരമല്ലെന്നാണ് ഇവര്‍ പറയുന്നത്.

ബുധന്‍, രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനം, പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് തടസമാണ്. ഇപ്പോഴുള്ള ഗ്രഹനില ജനാധിപത്യത്തിന് അത്ര ഗുണകരമല്ലാത്ത അസ്ഥിരതയ്ക്കുളള സാധ്യതയാണ് കാണുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പ്രതിഫലിക്കുമെന്നും റിഷി ദ്വിവേദി എന്ന ജ്യോതിഷി പ്രവചിക്കുന്നു.
മാത്രമല്ല, ഇപ്പോഴുള്ള ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന ഒരു സര്‍ക്കാരിനും കാലാവധി പൂര്‍ത്തിയാക്കാനാവില്ല എന്നും അദ്ദേഹം പറയുന്നു.

ബിജെപിനയിക്കുന്ന മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ 220 മുതല്‍ 240 വരെ സീറ്റുകള്‍ ലഭിക്കാം. അതേസമയം ബിജെപി 140 മുതല്‍ 160 സീറ്റിലേക്ക് ചുരുങ്ങാനും സാധ്യതയുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 110 മുതല്‍ 140 വരെ സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാധ്യതയെന്നും ദ്വവേദി പ്രവചിക്കുന്നു.

പുതിയ കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രാദേശിക പാര്‍ട്ടികളായ എസ്പിയും ബിഎസ്പിയും നിര്‍ണായകമായേക്കും. അതുമൂലം അവരുടെ സ്ഥാനങ്ങള്‍ മെച്ചപ്പെടാനും സഹായകമാകുമെന്നും ദ്വിവേദി പറയുന്നു.

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാമെന്നാണ് മറ്റൊരു ജ്യോതിഷിയായ ദീപക് മാളവ്യ പറയുന്നത്. പുതിയ സര്‍ക്കാരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം ഗ്രഹനില പരിശോധിച്ച ശേഷമാണ് ഇദ്ദേഹത്തിന്റെ പ്രവചനം.

കേരളം ഉള്‍പ്പെടുന്ന ആറു സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കും. പശ്ചിമ ബംഗാള്‍, തമിഴ്നാട്, മേഘാലയ, മിസോറാം, ആന്ധ്രാ പ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങങ്ങള്‍. കോണ്‍ഗ്രസ് അവരുടെ നില മെച്ചപ്പെടുത്തുമെങ്കിലും വോട്ടുവിഹിതം സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമാകുമെന്നും മാളവ്യ പറയുന്നു.