ബിജെപി 300ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരും; ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ തടസം ജനാധിപത്യം: വ്യവസായി രാകേഷ് ജുൻജുൻവാല

single-img
22 May 2019

ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരാത്തതിന് ഏറ്റവും വലിയ തടസം ജനാധിപത്യമാണെന്ന് രാജ്യത്തെ സഹസ്രകോടീശ്വരന്മാരിൽ ഒരാളായ വ്യവസായി രാകേഷ് ജുൻജുൻവാല. നാളെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ബിജെപി 300ലേറെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര ബിസിനസ് മാഗസിനായ ഫോർബ്സിന്റെ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 58കാരനായ രാകേഷ് ജുൻജുൻവാല, ഇന്ത്യയിലെ ധനികരിൽ 54ാം സ്ഥാനത്താണ്. “രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ തടസ്സം ജനാധിപത്യമാണ്. എന്നാൽ അത് ഒഴിച്ചുകൂടാനാവാത്തതുമാണ്. അതിനെ മറികടക്കാൻ നമുക്ക് സാധിക്കില്ല,” സിഎൻഎൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുള്ള ഉദ്യോഗസ്ഥ വൃന്ദം വളർച്ചയ്ക്ക് തടസമാണെങ്കിലും സാങ്കേതിക വിദ്യയിലൂടെ ഈ തടസത്തെ മറികടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഇക്കുറി 250 സീറ്റുകളും സഖ്യകക്ഷികൾക്ക് 50ഓളം സീറ്റുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎയ്ക്ക് തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഓഹരിക്കമ്പോളത്തിൽ അത് വലിയ ചലനം ഉണ്ടാക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, എൻഡിഎയും ബിജെപിയും അധികാരത്തിൽ വരാതിരിക്കുന്ന സാഹചര്യമാണെങ്കിൽ ഓഹരിക്കമ്പോളത്തിൽ വലിയ ഇടിവുണ്ടാകുമെന്നും പറഞ്ഞു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി വന്നാൽ രാജ്യത്ത് കങ്കാണി മുതലാളിത്തം അവസാനിക്കുമെന്നും ഭരണമികവിലൂടെ വളർച്ച നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.