ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി; 63 സ്കൂളുകളിലെ ഒരു വിദ്യാര്‍ത്ഥി പോലും വിജയിച്ചില്ല

single-img
22 May 2019

ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. പരീക്ഷ എഴുതിയ 63 സ്കൂളുകളിലെ ഒരു വിദ്യാര്‍ത്ഥി പോലും വിജയിച്ചില്ല. സംസ്ഥാനത്താകെ 66. 97 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞ വർഷം വിജയശതമാനം 67.5 ആയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പരീക്ഷയുടെ ഫലം പുറത്തു വന്നത്. ആകെ 8,22,823 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോൾ 5,51,023 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ജയിച്ചത്. സെക്കന്‍ഡറി ആന്‍ഡ് ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് ചെയര്‍മാന്‍ എ ജെ ഷായാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആകെ 366 സ്കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു.

ഇതിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ 88.11 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചപ്പോൾ ഹിന്ദി മീഡിയം സ്കൂളുകളില്‍ 72.66 ആണ് വിജയശതമാനം. എന്നാൽ, ഗുജറാത്തി മീഡിയം സ്കൂളുകളില്‍ 64.58 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്.