മാധ്യമങ്ങള്‍ തനിക്കെതിരെന്ന് ദിലീപ്; സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേ എന്ന് കോടതി

single-img
22 May 2019

കേസുകളില്‍ അന്വേഷണ ഏജന്‍സികളെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി. കേസ് നിലനില്‍ക്കില്ലെങ്കില്‍ റദ്ദാക്കാനല്ലേ ഹര്‍ജി നല്‍കേണ്ടതെന്നും കോടതി ചോദിച്ചു. നടിയെ അക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരെയാണ് ദിലീപ് അപ്പീല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന ജൂലൈ 3 ന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്താണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിചാരണയില്‍ താന്‍ ഉറപ്പായും കുറ്റവിമുക്തനാകുമെന്നും സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടി നേരിടേണ്ടി വരില്ലെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ദിലീപ് സിനിമാനടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. ഇങ്ങനെയൊരു കേസില്‍ ആരോപണ വിധേയനായാല്‍ പരസ്യമായി നടക്കാന്‍ എളുപ്പമാവില്ല.

കേസിലെ അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. അങ്ങനെയെങ്കില്‍ കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.