ഡല്‍ഹിയില്‍ പ്രതിപക്ഷ കരുനീക്കങ്ങള്‍ സജീവം: എക്‌സിറ്റ് പോള്‍ പ്രതിപക്ഷ ഐക്യം തകര്‍ക്കാനും സ്‌റ്റോക് മാര്‍ക്കറ്റിനെ ഉണര്‍ത്താനുമെന്ന് വീരപ്പ മൊയ്‌ലി

single-img
22 May 2019

എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിക്കാതായാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങള്‍ സജീവമാക്കി പ്രതിപക്ഷ കക്ഷികള്‍. വിശാലപ്രതിപക്ഷത്തില്‍ നിന്ന് അകലം പാലിച്ചിരുന്ന നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍, കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ചര്‍ച്ച നടത്തി.

തൂക്ക് സഭ വരികയാണെങ്കില്‍ യുപിഎക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കെസിആര്‍ തയ്യാറാണെന്ന് ശരദ് പവാറിന് ഉറപ്പ് നല്‍കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും യുപിഎക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കിയെന്നാണ് സൂചന.

ജഗന്‍മോഹന്‍ റെഡ്ഡി വിദേശത്തായതിനാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായാണ് ശരദ് പവാര്‍ ഫോണ്‍ വഴി ചര്‍ച്ച നടത്തിയത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യചര്‍ച്ചകളില്‍ ശരദ് പവാറിന്റെ ഇടപെടലില്‍ കോണ്‍ഗ്രസിന് നല്ല പ്രതീക്ഷയുണ്ട്.

അതിനിടെ, എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകളെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി രംഗത്തെത്തി. സ്റ്റോക്ക് മാര്‍ക്കറ്റിന് ഉണര്‍വേകാന്‍ വേണ്ടിയാണ് ഇത്തരമൊരു എക്‌സിറ്റ് പോള്‍ തയ്യാറാക്കിയതെന്നും പ്രതിപക്ഷ ഐക്യം തകര്‍ക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നും വീരപ്പ മൊയ്‌ലി പറ്ഞ്ഞു.

യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. മാത്രമല്ല എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ട പല ഏജന്‍സികളും അതില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എക്‌സിറ്റ് പോളുകള്‍ കൊണ്ടൊന്നും പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാവില്ല. കൃത്യമായ ഭൂരിപക്ഷത്തോടെ പ്രതിപക്ഷം വിജയിച്ചിരിക്കും മൊയ്‌ലി പറഞ്ഞു. വിപണി കുതിച്ചതോടെ നാലര കോടി മുതല്‍ അഞ്ച് കോടി വരെയാണ് നിക്ഷേപകര്‍ക്ക് നേട്ടമുണ്ടായതെന്നും മൊയ്‌ലി പറഞ്ഞു.