മഞ്ഞളാം കുഴി അലി എംഎല്‍എയ്ക്ക് എ പ്ലസ് നേടിയതിന് അഭിനന്ദനങ്ങൾ; ചിരിപടർത്തി എംഎസ്എഫ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഉപഹാരം

single-img
21 May 2019

എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാൻ എംഎസ്എഫ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഉപഹാരം സോഷ്യൽമീഡിയയിൽ ചിരി പടര്‍ത്തുകയാണ്.  മഞ്ഞളാം കുഴി അലി എംഎല്‍എയുടെ ചിത്രം പതിച്ച ഉപഹാരമാണ് ചര്‍ച്ചയാകുന്നത്.

ഉപഹാരത്തിലെ വരികളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഉപഹാരത്തിന് മുകളില്‍ ‘എസ്എസ്എല്‍സി, പ്ലസ്ടു ഫുള്‍ എ പ്ലസ്’ എന്നാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന് താഴെ ‘മഞ്ഞളാംകുഴി അലി എംഎല്‍എ അഭിനന്ദനങ്ങള്‍’ എന്നും എഴുതിയിരിക്കുന്നു. ഇത് രണ്ടും കൂട്ടിവായിച്ചാണ് സോഷ്യല്‍മീഡിയ ട്രോള്‍ മഴ തീര്‍ത്തിരിക്കുന്നത്.

എംഎസ്എഫ് പ്രവര്‍ത്തകര്‍ തയ്യാറാക്കി കുന്നംകുളത്ത് പ്രിന്റ് ചെയ്തു കൊണ്ടുവന്ന മൊമെന്റോയുടെ പെട്ടി ചടങ്ങിന് തൊട്ടുമുന്‍പാണ് പൊട്ടിച്ചതെന്നും അബദ്ധം അപ്പോള്‍ത്തന്നെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും വേറെ വഴിയില്ലായിരുന്നെന്നുമാണ് നേതാക്കള്‍ പറയുന്നത്.

എഴുതിയത് അങ്ങനെയാണെങ്കിലും വായിക്കേണ്ടത് ‘എംഎല്‍എയുടെ അഭിനന്ദനങ്ങള്‍’ എന്നാണെന്നൊക്കെ നേതാക്കള്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നാനൂറോളം കുട്ടികള്‍ക്കാണ് ഉപഹാരം നല്‍കിയത്.