ലക്കിടി ഇന്ദിര കൊല്ലങ്കോട് കേശവാനായി; പിടിയാനയെ വേഷം മാറ്റി കൊമ്പനാനയാക്കി പൂരത്തിന് എഴുന്നള്ളിച്ച സംഭവത്തിൽ നടപടി

single-img
20 May 2019

തൂത പൂരത്തിന് കൊമ്പനാന എന്ന പേരില്‍ പിടിയാനയെ കൃത്രിമ കൊമ്പും പേരും മാറ്റി എഴുന്നള്ളിച്ച് പൂരാഘോഷ കമ്മിറ്റിയെ കബളിപ്പിച്ച സംഭവത്തില്‍ നടപടി എടുക്കാന്‍ തീരുമാനം. ശനിയാഴ്ച ചേര്‍ന്ന പൂരാഘോഷ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

തൂത പൂരത്തിന് കൊമ്പനാനയെ മാത്രമെ  എഴുന്നള്ളിക്കാറുള്ളു. എന്നാല്‍ കാറല്‍മണ്ണ എ വിഭാഗം അമ്പലവട്ടം കമ്മിറ്റി ലക്കിടി ഇന്ദിര എന്ന പിടിയാനയെ കൊല്ലങ്കോട് കേശവന്‍ എന്ന പേരില്‍ എഴുന്നള്ളിക്കുകയായിരുന്നു. കൊമ്പനാക്കാന്‍ പിടിയാനക്ക് ഫൈബറിന്റെ കൊമ്പും പിടിപ്പിച്ചതായി ആരോപണം ഉയര്‍ന്നു.

പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച അടിയന്തര കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. പ്രസിഡണ്ട് പി ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായി. സെക്രട്ടറി സി. അനന്തനാരായണന്‍ റിപ്പോര്‍ട്ട് വെച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കുശേഷമാണ് തീരുമാനം കെെക്കൊണ്ടത്.

കമ്മിറ്റി തീരുമാന പ്രകാരം ക്ഷേത്രകമ്മിറ്റിയെ കബളിപ്പിച്ച എ വിഭാഗം അമ്പലവട്ടം കമ്മിറ്റിയെ അടുത്ത വര്‍ഷത്തെ പൂരത്തിന് വൈകിട്ട് നടക്കുന്ന കൂട്ടി എഴുന്നള്ളത്തില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. രാവിലെ വഴിപാട് പൂരത്തില്‍ മാത്രമെ ഇവരെ പങ്കെടുപ്പിക്കുകയുള്ളു. കൂടാതെ ക്ഷേത്രത്തിന്റെ ആചാരിത്തില്‍ എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടങ്കില്‍ തന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം മുതല്‍ കൊമ്പനാനയെ മാത്രമെ പൂരം എഴുന്നള്ളത്തിന് ഉപയോഗിക്കുകയുള്ളു എന്നു കമ്മിറ്റി തീരുമാനമെടുത്തു. കൂടാതെ എ, ബി വിഭാഗം കമ്മിറ്റികളെ പ്രാദേശികമായി വിളിച്ചു ചേര്‍ത്ത് ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്താനും തീരുമാനിച്ചു.