ബിജെപി ഇതര സർക്കാർ സാധ്യതകള്‍ സജീവം; സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുമായും നായിഡുവുമായും കൂടിക്കാഴ്ച്ച നടത്തി

single-img
19 May 2019

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ സഖ്യസാധ്യതകള്‍ സജീവമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ചന്ദ്രബാബു നായിഡു എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ബിജെപി ഇതര സര്‍ക്കാരുണ്ടാക്കുന്നതിന്റെ സാധ്യതകള്‍ സംസാരിക്കാനായിരുന്നു ഈ കൂടിക്കാഴ്ച.

ഇന്നലെ സീതാറാം യെച്ചൂരി, രാഹുല്‍, എഅഖിലേഷ് യാദവ്, മായാവതി, ശരദ് പവാര്‍, സിപിഐ നേതാവ് സുധാകര്‍ റെഡ്ഢി, എല്‍ജെഡി നേതാവ് ശരദ് യാദവ്, ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തൊട്ടുപിറകെയാണ് യെച്ചൂരി ഡല്‍ഹിയിലെത്തി ഇരുവരെയും കണ്ടത്.

ഇതിനു പുറമെ നായിഡു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മമതയുടെ രണ്ട് റാലികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. മുൻപും രാജ്യത്ത് പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് നായിഡു.